വിദ്യാലയങ്ങളുടെ വികസനത്തിന് കല്യാശ്ശേരി മണ്ഡലത്തില്‍ സമഗ്ര പദ്ധതി

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തില്‍ വിദ്യാലയങ്ങളുടെ വികസനത്തിന് സമഗ്ര പദ്ധതികള്‍ ആവിഷ്കരിച്ചതായി ടി.വി. രാജേഷ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെറുകുന്ന് ഗേള്‍സ്, മാടായി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്‍െറ സഹായത്തോടെ നബാര്‍ഡ് രണ്ട് കോടി വീതം അനുവദിച്ചതായും ഇതിന്‍െറ ശിലാ സ്ഥാപനം മന്ത്രി കെ.സി. ജോസഫ് സെപ്റ്റംബര്‍ 28ന് നിര്‍വഹിക്കുമെന്നും എം.എല്‍.എ അറിയിച്ചു. വികസന പ്രവൃത്തികള്‍ക്കായി മണ്ഡലത്തിലെ മുഴുവന്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഫണ്ടുകള്‍ നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഇംഗ്ളീഷ് പഠനം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിന്‍െറ സഹായത്തോടെ ഇംഗ്ളീഷ് കളരി എന്ന പേരില്‍ പഠന പദ്ധതി ആരംഭിക്കും. ഒന്നാം തരം സ്മാര്‍ട് ക്ളാസ് ആക്കുന്നതിന്‍െറ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും എല്‍.ഇ.ഡി ടെലിവിഷന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് നല്‍കും. ഇതിന്‍െറ ഉദ്ഘാടനം പി.കെ. ശ്രീമതി ടീച്ചര്‍ എം.പി മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്ന് 10.30ന് നിര്‍വഹിക്കും. ചടങ്ങില്‍ മാടായി ബാങ്ക് പ്രസിഡന്‍റ് പി.പി. ദാമോദരന്‍ മുഖ്യാതിഥിയാകും. എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഗേള്‍സ് ഫ്രണ്ട്ലീ റൂം ഒരുക്കും. സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, ഇന്‍സിനേറ്റര്‍, കുടിവെള്ള സൗകര്യം, ഒരു കട്ടില്‍, കസേരകള്‍, ഫാന്‍, ഫസ്റ്റ് എയ്ഡ് ബോക്സ് തുടങ്ങിയ സൗകര്യങ്ങള്‍ മുറിയില്‍ ഏര്‍പ്പെടുത്തും. സ്വന്തമായി സ്ഥലമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും കെട്ടിട സൗകര്യം ഒരുക്കുന്നതിന് ഫണ്ട് ലഭ്യമാക്കിയതായും എം.എല്‍.എ അറിയിച്ചു. കുഞ്ഞിമംഗലം സെന്‍ട്രല്‍ യു.പി സ്കൂളിന്‍െറ കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണ്. 113 വര്‍ഷം പഴക്കമുള്ള ഏഴോം മൂല ഗവ. വെല്‍ഫയര്‍ സ്കൂളിന് കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി രണ്ടു ലക്ഷം രൂപ അനുവദിച്ചു. ഇതിന്‍െറ ടെന്‍ഡര്‍ നടപടികള്‍ നടന്നു വരുകയാണ്. മാടായി വി.എച്ച്.എസ്.ഇ സ്കൂളിന് കെട്ടിട നിര്‍മാണത്തിന് 50 ലക്ഷവും ഹൈസ്കൂള്‍ കെട്ടിടം നിര്‍മാണത്തിന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. ഇതിന്‍െറ കെട്ടിടം പണി ഉടന്‍ ആരംഭിക്കും. മാട്ടൂല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്ളാസ് മുറികളുടെ അഭാവം പരിഹരിക്കുന്നതിന് രണ്ട് കോടി 25 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. മാട്ടൂല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 25 ലക്ഷം ചെലവഴിച്ച് നിര്‍മിക്കുന്ന കോണ്‍ഫറന്‍സ് ഹാളിന്‍െറ നിര്‍മാണ പ്രവൃത്തി രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കും. കായികവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി കളിസ്ഥലം നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ചെറുതാഴം സ്കൂളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഖേല്‍ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 60 ലക്ഷം രൂപയുടെ കളിസ്ഥലം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം ഐ.എച്ച്.ആര്‍.ഡി കോളജിന് രണ്ടര കോടി ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായതായും ഇതിന്‍െറ ഉദ്ഘാടനം അടുത്ത മാസം നിര്‍വഹിക്കാനാകുമെന്നും എം.എല്‍.എ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. നാരായണന്‍, വി. വിനോദ്, ഒ.കെ. രതീഷ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.