രോഗം തളര്‍ത്തിയ ബാല്യവുമായി മുഹമ്മദ് അഫ് ലഹ്

തളിപ്പറമ്പ് (കണ്ണൂര്‍): ബാല്യത്തില്‍ കിഡ്നി രോഗം തളര്‍ത്തിയിരിക്കയാണ് തളിപ്പറമ്പ് ചെറിയൂരിലെ മുഹമ്മദ് അഫ്ലഹിന്‍െറ ജീവിതത്തെ. ഇരുവൃക്കകളും തകരാറിലായ 12കാരന്‍െറ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കയാണ്. എന്നാല്‍, ശാസ്ത്രക്രിയക്ക് ആവശ്യമായ 15 ലക്ഷം എങ്ങനെ സ്വരൂപിക്കും എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ കുട്ടിയുടെ കുടുംബം. രണ്ടു വര്‍ഷം മുമ്പാണ് രോഗം ബാധിച്ചത്. കുറ്റ്യേരി ഹൈസ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ അഫ്ലഹ് പഠനത്തിലും കായികവിഭാഗത്തിലും ഒരേപോലെ മികവു തെളിയിച്ച പ്രതിഭയാണ്. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ ശരീരം പൊടുന്നനെ വീര്‍ത്തതോടെയാണ് ഇരുവൃക്കകളും തകരാറിലായി എന്ന വസ്തുത അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ബംഗളൂരു മെഡിക്കല്‍ കോളജിലും പലതവണ ചികിത്സിച്ചെങ്കിലും രോഗത്തിന് കാര്യമായ കുറവൊന്നുമുണ്ടാക്കാന്‍ സാധിച്ചില്ല. ഇനി വൃക്ക മാറ്റിവെക്കല്‍ നടത്തിയാല്‍ മാത്രമേ പരിഹാരമുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.സ്വന്തം വീടും പറമ്പും പണയം വെച്ചാണ് അബ്ദുല്ലയും മറിയവും മകനെ ഇതുവരെ ചികിത്സിച്ചത്. നാല് ലക്ഷത്തിലധികം രൂപ ഇതിനകം ചികിത്സക്കായി ചെലവായി. മകന് വൃക്ക നല്‍കാന്‍ മാതാവ് മറിയം ഒരുക്കമാണ്. എന്നാല്‍, തുടര്‍ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ് ഇവര്‍. കുടുംബത്തെ സഹായിക്കാന്‍ കെ.കെ. മുഹമ്മദ്കുഞ്ഞി ചെയര്‍മാനും പി.വി. അബ്ദുല്‍ ശുക്കൂര്‍ ജനറല്‍ കണ്‍വീനറുമായി സഹായ സമിതി രൂപവത്കരിച്ചിരിക്കയാണ്. ഫെഡറല്‍ ബാങ്കിന്‍െറ തളിപ്പറമ്പ് ശാഖയില്‍ 11270100324017 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.