പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റില്‍

ഇരിട്ടി: വാഹന പരിശോധനയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്ന കേസില്‍ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റില്‍. ആറളം ഗ്രാമപഞ്ചായത്തിലെ എന്‍ജിനീയറിങ് വിഭാഗം ജീവനക്കാരന്‍ മുണ്ടയാംപറമ്പ് സ്വദേശി വിനീതിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ആറളം എസ്.ഐ സ്മിതേഷിന്‍െറ നേതൃത്വത്തില്‍ എടൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. അതുവഴി പോവുകയായിരുന്ന വിനീതിന്‍െറ ബൈക്കും പരിശോധിച്ചു. ആവശ്യമായ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കുനേരെ തട്ടിക്കയറുകയും മര്‍ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇയാളെ ആറളം സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ അവിടെവെച്ചുംഅസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു വത്രെ. ഇരിട്ടി സി.ഐ വി.വി. മനോജിന്‍െറ നിര്‍ദേശപ്രകാരം ഇരിട്ടി എസ്.ഐ സുധീര്‍ കല്ലന്‍ വൈദ്യപരിശോധനക്കായി വിനീതിനെ ജീപ്പില്‍ കൊണ്ടുവരവെ സുധീറിന്‍െറ കഴുത്തിനുപിടിക്കുകയും മര്‍ദിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. തലക്കും കഴുത്തിനും പരിക്കേറ്റ സുധീറിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ജീപ്പിന്‍െറ ഡ്രൈവറെ ഉപദ്രവിക്കുകയും ജീപ്പ് റോഡരികിലെ കാനയിലേക്ക് ചരിയുകയും ചെയ്തു. വിനീതിന്‍െറ അക്രമത്തില്‍ മൂന്ന് എസ്.ഐ ഉള്‍പ്പെടെ ആറോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വിനീതിന്‍െറ പേരില്‍ കേസെടുത്ത് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.