കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഉറക്കം നഷ്ടപ്പെട്ട് കണ്ണൂക്കര, താണ നിവാസികള്‍

കണ്ണൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉറക്കം കെടുത്തിയതിന്‍െറ കെടുതിയിലാണ് കണ്ണൂക്കരയും താണയും. തങ്ങളുടെ കുഞ്ഞോമനകളെ സംരക്ഷിക്കുന്നതിനായി ജാഗ്രതയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ആഴ്ചയില്‍ നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളാണ് തങ്ങളുടെ കുട്ടികള്‍ അപകടത്തിലാണെന്ന് ഈ പ്രദേശത്തെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. താണ വാര്‍ഡിലും കണ്ണൂക്കരയിലുമുള്ള രണ്ടു കുട്ടികളെ അപരിചിതര്‍ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എട്ടാം ക്ളാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയോട് വാഹനം നിര്‍ത്തി എങ്ങോട്ടു പോവുകയാണെന്ന് ചോദിക്കുകയും വീട്ടിലേക്കാണെന്നു പറഞ്ഞപ്പോള്‍ തങ്ങള്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് വലിച്ചു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, കുതറി മാറിയ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാഹനത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഇതിനടുത്ത ദിവസം തന്നെയാണ് കണ്ണൂക്കര വാര്‍ഡില്‍ മാണിക്യക്കാവിനു സമീപം ഒരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നോവ, ഓമ്നി വാന്‍ എന്നിവയിലായിരുന്നു ആളുകള്‍ വന്നിരുന്നതെന്നാണ് കുട്ടികള്‍ പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരിചയമില്ലാത്ത ആളുകള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ പ്രയാസമാണെങ്കിലും നഗരത്തിലെ റോഡുകള്‍ക്ക് സമാന്തരമായി സഞ്ചരിക്കാവുന്ന നിരവധി റോഡുകള്‍ ഉള്ളതും ഇത്തരം അക്രമങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുന്നുണ്ട്. നഗരത്തിന്‍െറ ഭാഗം തന്നെയാണെങ്കിലും പെട്ടെന്ന് ആളുകളുടെ ശ്രദ്ധയില്‍ പെടാതെ കടന്നു കളയാനുള്ള സാഹചര്യവും ഈ വഴികള്‍ ഒരുക്കുന്നു. തായത്തെരുവില്‍ നിന്നു കയറി ആരുടെയും ശ്രദ്ധയില്‍ പെടാതെ ദേശീയ പാതയില്‍ മേലേ ചൊവ്വ വരെ കടന്നുപോകാന്‍ ഇതുവഴി സാധിക്കും. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നിയിപ്പ് നല്‍കി തായത്തെരു, താണ, കണ്ണൂക്കര ഭാഗങ്ങളില്‍ നാട്ടുകാര്‍ വ്യാപക പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. സ്കൂളുകളില്‍ പി.ടി.എയുടെയും ടീച്ചര്‍മാരുടെയും നേതൃത്വത്തിലും കുട്ടികളെ ബോധവത്കരിച്ചിട്ടുണ്ട്. അപരിചതമായ വാഹനങ്ങളും മറ്റും കണ്ടാല്‍ അന്വേഷിക്കുന്നതിനും സംശയം തോന്നിയാല്‍ പൊലീസിനെ വിവരമറിയിക്കുന്നതിനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് താണ കൗണ്‍സിലര്‍ എം. ഷഫീഖ് പറഞ്ഞു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പകല്‍ സമയങ്ങളില്‍ ഇവിടെ പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.