ഇരിക്കൂര്‍: മകാര പ്രാസ പ്രസംഗങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ മകാരം മത്തായി ഇപ്പോള്‍ ഗാന്ധി മത്തായിയാണ്. രൂപത്തിലും ഭാവത്തിലും നടത്തത്തിലുമെല്ലാം പ്രചരിപ്പിക്കുന്നതും ഗാന്ധി ദര്‍ശനങ്ങള്‍. നാല് വര്‍ഷത്തോളമായി ഗാന്ധിജിയുടെ വേഷം ധരിച്ചാണ് കൊട്ടിയൂര്‍ ചുങ്കക്കുന്ന് സ്വദേശിയായ കൊട്ടാരം മാത്യു എന്ന മകാരം മത്തായി സഞ്ചരിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷ സമയത്തും റിപ്പബ്ളിക് ദിനാചരണ വേളകളിലുമെല്ലാം ഗാന്ധി മത്തായിക്ക് തിരക്കുകളുടെ നാളുകളാണ്. കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും കഥ പറഞ്ഞും കവിത ചൊല്ലിയും രസിപ്പിച്ചും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പകര്‍ന്നു നല്‍കുന്നു. ഇതിനെല്ലാമിടയിലും തന്‍െറ മകാര പ്രേമം ഇദ്ദേഹം ഒട്ടും വിടുന്നുമില്ല. ഓണാഘോഷത്തിന്‍െറയും സ്കൂളിന് ഇരിക്കൂറിലെ കെ.വി. മുഹമ്മദ് ശരീഫ് സൗജന്യമായി നല്‍കിയ മൈക്ക് കൈമാറല്‍ ചടങ്ങിന്‍െറയും ഭാഗമായി പടിയൂര്‍ എസ്.എന്‍.യു.പി സ്ൂകൂളിലത്തെിയ ഇദ്ദേഹം മകാര പ്രസംഗത്തോടെയാണ് തുടങ്ങിയത്. മഹാത്മാ ഗാന്ധിയുടെ വേഷത്തിലത്തെിയ മകാരം മത്തായിയെ ഒരു നോക്ക് കാണാനും അദ്ദേഹത്തിന്‍െറ മകാര പ്രഭാഷണം കേള്‍ക്കാനും അധ്യാപകര്‍ എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കി അസംബ്ളി ചേരുകയായിരുന്നു. പ്രതീക്ഷിക്കാതെ കാലാവസ്ഥ മാറി വരുന്നത് മനസിലാക്കിയ അദ്ദേഹം പ്രസംഗതെ ഇങ്ങനെ മാറ്റി. ‘മാനത്തുനിന്ന് മഴത്തുള്ളികള്‍ മക്കളുടെ മുകളിലേറ്റ് മാറാരോഗമുണ്ടായി മരുന്നു മേടിക്കാന്‍ മുതിരാതെ മഴക്ക് മുമ്പ് മതിയാക്കി മൈക്കിന്‍െറ മുന്നില്‍ നിന്നും മാറി മടങ്ങിപ്പോകാനാണ് മകാരം മത്തായിയുടെ മനസിലെ മോഹം’. ഇതുപോലെ ചില കവിതകളും നാടുകളെക്കുറിച്ചും മനുഷ്യരെക്കുറിച്ചും മതക്കാരെക്കുറിച്ചുമെല്ലാം അല്‍പസമയം കൊണ്ട് അവതരിപ്പിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ കരഘോഷത്തോടെയാണ് ഈ മകാര പ്രയോഗത്തെ വരവേറ്റത്. ഏഴ് മണിക്കൂര്‍ സമയം തുടര്‍ച്ചയായി മകാരത്തില്‍ പ്രസംഗിച്ച് ലിംക ബുക് ഓഫ് റെക്കോഡില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍െറ ‘മാമലയ്ക്ക് മാനഭംഗം’ എന്ന പ്രഥമാക്ഷര പ്രാസഖണ്ഡകാവ്യം ഗിന്നസ് ബുക്കിലുമത്തെിയിട്ടുണ്ട്. ഈ കാവ്യം സംസ്ഥാനത്തെ വിവിധ സ്കൂളുകളിലും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 1937ല്‍ തൊടുപുഴയില്‍ ജനിച്ച മകാരം മത്തായി ആദ്യകാലത്ത് തൊടുപുഴ സെന്‍റ് ജോര്‍ജ് സ്കൂളുകളില്‍ മലയാളം ഭാഷാധ്യാപകനായിരുന്നു. കഥാപ്രസംഗരംഗത്തും സജീവമായിരുന്നു. പിന്നീടാണ് ‘മ’ ഉപയോഗിച്ചുള്ള പ്രസംഗത്തിലേക്ക് തിരിഞ്ഞത്. ഇതോടെ മകാരം മത്തായിയായി അറിയപ്പെട്ടു. പ്രവാചകനായ മുഹമ്മദ് നബി, മഹാത്മാഗാന്ധി, മദര്‍ തേരേസ, വൈക്കം മുഹമ്മദ് ബഷീര്‍, മാതാ അമൃതാനന്ദമയി എന്നിവരുടെ ജീവിത ചരിത്രങ്ങള്‍ മകാരത്തില്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.