കേളകം: പൊതുശ്മശാനമില്ലാത്തതിനാല്‍ മലയോര മേഖലയിലെ ആദിവാസികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് ദുരിതം. കേളകം പഞ്ചായത്തിലെ 25ഓളം ആദിവാസി കോളനികളില്‍ മരിക്കുന്നവരെ ഇന്നും സംസ്കരിക്കുന്നത് വീടിന് ചുറ്റുമുള്ള പരിമിത സൗകര്യങ്ങളില്‍. ജില്ലയില്‍ നാമമാത്രമായ പഞ്ചായത്തുകളിലേ പൊതുശ്മശാനങ്ങളുള്ളൂ. പൊതുശ്മശാനങ്ങള്‍ സ്ഥാപിക്കേണ്ടത് ഗ്രാമപഞ്ചായത്തുകളുടെ കര്‍ത്തവ്യമാണെങ്കിലും ഭൂരിപക്ഷം പഞ്ചായത്തുകളും ഇത് നടപ്പാക്കിയിട്ടില്ല. പൊതുശ്മശാനങ്ങള്‍ സ്ഥാപിക്കാത്തതിനെതിരെ മുമ്പ് ഹൈകോടതിയും ഇടപെട്ടിരുന്നു. കണിച്ചാര്‍, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ അവസ്ഥയും ഭിന്നമല്ല. പൊതുശ്മശാനം സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ ചെലവിടാമെന്നാണ് ചട്ടം. എന്നാല്‍, ഫണ്ട് ലഭ്യമായിട്ടും പൊതുശ്മശാനങ്ങള്‍ സ്ഥാപിക്കാത്തതിന്‍െറ ദുരിതം പേറുന്നത് ആദിവാസി സമൂഹമാണ്. കേളകം പഞ്ചായത്തിലെ ജനസാന്ദ്രത കൂടുതലുള്ള അടക്കാത്തോട് വാളുമുക്ക് കോളനിയില്‍ വീടുകള്‍ക്ക് ചുറ്റും ശവക്കുഴികളാണ്. ഓരോ വീടിന് ചുറ്റും അടുക്കളകള്‍ നീക്കം ചെയ്തുപോലും ശവക്കുഴികള്‍ തീര്‍ത്താണ് തങ്ങളുടെ പ്രിയപ്പെട്ടവരെ കോളനിവാസികള്‍ മറമാടുന്നത്. പൊതുശ്മശാനമില്ലാത്തതിനാല്‍ ആദിവാസി കോളനിവാസികള്‍ അനുഭവിക്കുന്ന ദുരവസ്ഥ മുമ്പ് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട സംസ്ഥാന പട്ടികവര്‍ഗ ക്ഷേമമന്ത്രി പി.കെ. ജയലക്ഷി പ്രശ്നത്തില്‍ ഇടപെടുകയും പൊതുശ്മശാനം സ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മന്ത്രിയുടെ നിര്‍ദേശം അവഗണിച്ചതിനാലാണ് കോളനിവാസികളുടെ ശ്മശാന പ്രശ്നം പരിഹരിക്കാത്തതെന്നാണ് ആക്ഷേപം. കോളനികളിലെ വീടിന് ചുറ്റും ശവക്കുഴികളും അതിനോട് ചേര്‍ന്ന് കുടിവെള്ളത്തിനുള്ള കിണറുകളും കുഴിച്ചിട്ടുണ്ട്. ഇത് കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്നതിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പൊതുശ്മശാനം ഇല്ലാത്തതിന്‍െറ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ആദിവാസി സമൂഹവും നാമമാത്ര ഭൂമിയില്‍ കഴിയുന്ന സാധാരണക്കാരുമാണ്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.