കവ്വായി കായല്‍ : കരടുരേഖയും വെള്ളത്തില്‍

പയ്യന്നൂര്‍: ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസമ്പന്നവും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ കവ്വായി കായലിന്‍െറ സംരക്ഷണത്തിന് തയാറാക്കിയ കരടുരേഖയും ജലരേഖയായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 31ന് പ്രകാശനം ചെയ്ത രേഖയാണ് ഒരു വര്‍ഷത്തിനുശേഷവും ചുവപ്പുനാടയില്‍ വിശ്രമിക്കുന്നത്. കായലിന്‍െറ സമഗ്ര പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ജലവിഭവ വികസന വിനിയോഗ കേന്ദ്രവും (സി.ഡബ്ള്യു.ആര്‍.ഡി.എം) സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി പദ്ധതി തയാറാക്കിയത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായലിന്‍െറ സംരക്ഷണത്തിനുള്ള കരടുരേഖ പയ്യന്നൂരില്‍ നടന്ന സെമിനാറില്‍ സി. കൃഷ്ണന്‍ എം.എല്‍.എയാണ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. കെ.കെ. രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തത്. ഇതിനുശേഷം ഒരു നടപടിയുമുണ്ടായില്ളെന്നാണ് വിവരം. 30 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള കവ്വായി കായലിന് സംസ്ഥാനത്തിലെ കായലുകളില്‍ വലുപ്പത്തില്‍ മൂന്നാംസ്ഥാനമുണ്ട്. ഇരുജില്ലകളിലെ ജലസമ്പന്നതയുടെ കേന്ദ്രമായ കായല്‍ ‘രാംസര്‍ സൈറ്റായി’ പ്രഖ്യാപിക്കേണ്ടതിന്‍െറ പ്രാധാന്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതത്തേുടര്‍ന്നാണ് അന്നത്തെ പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ജി.ഡി. നായര്‍ മുന്‍കൈയെടുത്ത് പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, മന്ത്രിതല ചര്‍ച്ചയും സെമിനാറുകളും പരിശോധനകളും നടന്നെങ്കിലും പദ്ധതി യാഥാര്‍ഥ്യമായില്ല. ഇതിനുശേഷമാണ് ഡി.ഡബ്ള്യു.ആര്‍.ഡി.എമ്മും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും രംഗത്തത്തെിയത്. ഇതും ആരംഭ ശൂരത്വത്തിലൊതുങ്ങുകയാണെന്ന് ആക്ഷേപമുണ്ട്. നീലേശ്വരം, കാര്യങ്കോട്, കവ്വായി, പെരുമ്പ, രാമപുരം പുഴകളാണ് കവ്വായി കായലില്‍ സംഗമിക്കുന്നത്. കൂടാതെ കുപ്പം പുഴയെ സുല്‍ത്താന്‍ തോടുവഴി കായലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇടനാടന്‍ ചെങ്കല്‍ കുന്നുകളാണ് കായലിന്‍െറ ജലസമൃദ്ധിയെ നിര്‍ണായകമായി സ്വാധീനിക്കുന്നത്. അതിനാല്‍ കുന്നുകളുടെ സംരക്ഷണം കൊണ്ടുകൂടി മാത്രമെ കായല്‍ സംരക്ഷണം യാഥാര്‍ഥ്യമാവൂ. ഇരു ജില്ലകളിലുമുള്ള പതിനായിരങ്ങളുടെ ജല, ഭക്ഷ്യ സുരക്ഷക്ക്് കാരണമായ കായലിനെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സംസ്ഥാന സര്‍ക്കാറും നഗരസഭയും 2012ലാണ് ഡി.ഡബ്ള്യു.ആര്‍.ഡി.എമ്മിനെ സംരക്ഷണ ചുമതല ഏല്‍പിച്ചത്. കായലിനെ ജലസമൃദ്ധമാക്കുന്ന പുഴകള്‍, വേലിയേറ്റ വേലിയിറക്ക പ്രത്യേകതകള്‍, ദേശാടന പക്ഷികള്‍, ഉള്‍പ്പെടെയുള്ള പക്ഷികളുടെ സാന്നിധ്യം, സസ്യ, ജൈവ വൈവിധ്യം, നാടന്‍കലകള്‍, ചരിത്ര-സാംസ്കാരിക പ്രാധാന്യം എന്നിവ പഠിച്ചശേഷമാണ് കരടുരേഖ തയാറാക്കി പ്രകാശിപ്പിച്ചത്. 2.90 കോടിരൂപയാണ് പദ്ധതിക്കുവേണ്ടി നീക്കിവെച്ചത്. പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണ്ടത്തെി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന ആപത്തുകള്‍ ലഘൂകരിക്കല്‍, കായലിന്‍െറയും കായലില്‍ പതിക്കുന്ന നദികളുടെയും വൃഷ്ടിപ്രദേശങ്ങളിലും കായലിലും സുസ്ഥിരമായ കാര്‍ഷിക-മത്സ്യ പരിപോഷണ പദ്ധതികള്‍, കായലിന്‍െറയും മൂന്നു ദ്വീപുകളുടെയും തീരസംരക്ഷണം തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ടായിരുന്നു.പദ്ധതിയുടെ ഭാഗമായി ഇടയിലക്കാട്-മാടക്കാല്‍ ദ്വീപുകളില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ 50 ലക്ഷം രൂപയുടെ നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. കണ്ടല്‍കാട് സംരക്ഷണത്തിന് 15 ലക്ഷത്തിന്‍െറ പദ്ധതിയും മുന്നോട്ടുവെച്ചിരുന്നു. കുഞ്ഞിമംഗലം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്ടല്‍കാടുകള്‍ വന്‍തോതില്‍ ഉണ്ട്. ഇതിനുപുറമെ ചെമ്പല്ലിക്കുണ്ട്, കുണിയന്‍, പക്ഷിസങ്കേതങ്ങളും മറ്റും ഉള്‍പ്പെടുത്തി വിനോദസഞ്ചാര മേഖല വളര്‍ത്തിയെടുക്കാനുള്ള സാധ്യത കൂടിയാണ് കടലാസിലൊതുങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.