അഴീക്കലിലെ മണല്‍ വാരല്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം

കണ്ണൂര്‍: അഴീക്കല്‍ പോര്‍ട്ടില്‍നിന്ന് മണല്‍വാരുന്നതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി പുതിയ ടെന്‍ഡര്‍ വിളിക്കാത്തത് സഹകരണ സംഘങ്ങളും ഉദ്യോഗസ്ഥരും നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണെന്ന് കണ്ണൂര്‍ ബ്ളോക് തുറമുഖ തൊഴിലാളി വെല്‍ഫെയര്‍ സഹകരണ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പോര്‍ട്ടിലെ മണല്‍ കൊള്ളയെപ്പറ്റി സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2013-14, 2014-15 വര്‍ഷങ്ങളില്‍ തുറമുഖ മാന്വല്‍ ഡ്രഡ്ജിങ്ങിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടും ഓരോ വര്‍ഷവും ഓരോ സൊസൈറ്റിയില്‍നിന്നും അപേക്ഷയോടൊപ്പം 25,000 രൂപ വീതം നിരതദ്രവ്യം വാങ്ങിയിട്ടും യോഗ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കളി നടത്തുകയാണ്. മണല്‍ വാരുന്ന 20 സൊസൈറ്റികളില്‍ 15 സൊസൈറ്റികളെയും പാസ് ഇല്ലാതെയും അസമയത്ത് മണല്‍ വാരിയതിനും പൊലീസ് പിടികൂടി പിഴയീടാക്കുകയും തുടര്‍ന്ന് കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും ഇതേ സൊസൈറ്റികളെ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കുന്നത് ഉദ്യോഗസ്ഥരുമായി നടത്തുന്ന ഒത്തുകളിയുടെ ഭാഗമായാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. 2012-13 വര്‍ഷത്തെ ടെന്‍ഡര്‍ ഫോറത്തില്‍ വ്യക്തമാക്കുന്ന മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇപ്പോഴും ടെന്‍ഡര്‍ പുതുക്കുന്നത്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന സംഘത്തിന്‍െറ ഓഫിസും പ്രവര്‍ത്തനമേഖലയും പോര്‍ട്ട് പരിധിയുടെ 10 കിലോ മീറ്റര്‍ ചുറ്റളവിലായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടും 40 കിലോ മീറ്റര്‍ അകലെയുള്ള പയ്യന്നൂരിലെ സൊസൈറ്റിക്കും 25 കിലോമീറ്റര്‍ അകലെയുള്ള ചക്കരക്കല്ലിലും മുഴപ്പിലങ്ങാട്ടുമുള്ള സൊസൈറ്റികള്‍ക്കും മണല്‍ വാരാനുള്ള അനുമതി നല്‍കിയിരിക്കുകയാണ്. സംഘത്തിന്‍െറ അംഗങ്ങളില്‍ 90 ശതമാനവും മണല്‍ വാരല്‍ തൊഴിലാളികളായിരിക്കണമെന്നിരിക്കെ മത്സ്യത്തൊഴിലാളികള്‍ മാത്രമുള്ള സൊസൈറ്റികള്‍ക്ക് പോലും ടെന്‍ഡറിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. മണല്‍വാരലുമായി ഒരു ബന്ധവുമില്ലാത്ത ധനകാര്യ സ്ഥാപനത്തിനും ഇത്തരത്തില്‍ അനുമതി ലഭിച്ചിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ 72 സൊസൈറ്റികളും 2014-15 വര്‍ഷങ്ങളില്‍ 73 സൊസൈറ്റികളും ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 73 സൊസൈറ്റികളില്‍ 21 എണ്ണം അയോഗ്യത കാരണം തള്ളപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള 52 സൊസൈറ്റികളില്‍ ഫിനാന്‍സ് ബിഡില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടും അതൊന്നും പരിഗണിക്കപ്പെട്ടില്ല. 2012-13 വര്‍ഷത്തില്‍ തെരഞ്ഞെടുത്തവരും ഫിനാന്‍സ് ബിഡില്‍ കൂടുതല്‍ തുക ക്വാട്ട് ചെയ്തവരുമായ സൊസൈറ്റികളെ തന്നെയാണ് വീണ്ടും തുറമുഖ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറടക്കമുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ പക്ഷപാതപരമായും ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചും അന്യായമായ സെലക്ഷന്‍ ലിസ്റ്റ് അംഗീകരിക്കാന്‍ പോകുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എ.കെ. രവീന്ദ്രന്‍, കണ്ണൂര്‍ ബ്ളോക് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സഹകരണസംഘം പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍, കടാശ്ശേരി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.