കണ്ണൂര്‍: ഹരിത ഇലക്ഷന്‍ ശുചിത്വ ഇലക്ഷന്‍ എന്ന സന്ദേശവുമായി ചൊവ്വാഴ്ച ജില്ലയിലെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഒരു ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ ജില്ലാതല കൂട്ടയോട്ടം ചൊവ്വാഴ്ച രാവിലെ 10ന് മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നടക്കും. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, അസി.കലക്ടര്‍ എസ്. ചന്ദ്രശേഖരന്‍ തുടങ്ങിയവരും വിദ്യാര്‍ഥികള്‍ക്കൊപ്പം കൂട്ടയോട്ടത്തില്‍ അണിചേരും. ബുധനാഴ്ച വിവിധ സ്ഥലങ്ങളില്‍ ഫ്ളാഷ് മോബും സംഘടിപ്പിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോള്‍ പ്രകാരം നടത്തുന്നതിലൂടെ ഇന്ത്യക്ക് തന്നെ കണ്ണൂര്‍ മാതൃകയാവുകയാണ്. മാലിന്യ രഹിതമായി തെരഞ്ഞെടുപ്പ് നടത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി എല്ലാ ബൂത്തുകളിലും രണ്ട് വീതം ഹരിത സേനാംഗങ്ങളെ നിയോഗിക്കും. 5000 ഹൈസ്കൂള്‍, പ്ളസ്ടു വിദ്യാര്‍ഥികളെയാണ് ഹരിതസേനാംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ സമ്പാദ്യപദ്ധതി ഏജന്‍റുമാരെയും ഇതിനായി ഉപയോഗപ്പെടുത്തും. ഇവര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിവരുന്നുണ്ട്. ബൂത്തുകളില്‍ നിയോഗിക്കുന്ന ഹരിതസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് കലക്ടര്‍ പറഞ്ഞു. ഇതിനായി പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൂത്തുകളില്‍ പ്ളാസ്റ്റിക് വസ്തുക്കളും കടലാസ് പ്ളേറ്റുകളും ഗ്ളാസുകളും മറ്റും പൂര്‍ണമായി ഒഴിവാക്കും. രാഷ്ട്രീയ പാര്‍ട്ടികളോടും ഇങ്ങനെ ചെയ്യണമെന്ന അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും മറ്റ് സാമഗ്രികളും വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ട പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല മാലിന്യ നിര്‍മാര്‍ജനമാണ്. അതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക കടമയുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികളും ജനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.