കണ്ണൂര്‍ ആകാശവാണിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കണ്ണൂര്‍/കാഞ്ഞങ്ങാട്: മന്‍ കി ബാതില്‍ കണ്ണൂര്‍ ആകാശവാണി നിലയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക അഭിനന്ദനം. ഞായറാഴ്ച രാവിലെ രാഷ്ട്രത്തോടായി നടത്തിയ പ്രക്ഷേപണം കണ്ണൂര്‍ നിലയത്തെ അഭിനന്ദിച്ചാണ് തുടങ്ങിയത്. ‘മന്‍ കി ബാത്’ പ്രക്ഷേപണത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കി ശ്രദ്ധ തമ്പാന്‍ എന്ന വിദ്യാര്‍ഥിനി തയാറാക്കിയ പ്രതികരണ ലേഖനത്തിന് ‘ശ്രവ്യ സമ്മാനം’ നല്‍കി പ്രോത്സാഹിപ്പിച്ചതിനാണ് കണ്ണൂര്‍ ആകാശവാണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. കാസര്‍കോട് രാജപുരം കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയാണ് ശ്രദ്ധ. ഇതാദ്യമായാണ് ഒരു ആകാശവാണി നിലയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അഭിനന്ദിക്കുന്നത്. കണ്ണൂര്‍ ആകാശവാണിയുടെ നൂതനമായ ആശയം മറ്റു നിലയങ്ങള്‍ക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മന്‍ കി ബാത് റേഡിയോ പ്രക്ഷേപണത്തിന്‍െറ സ്ഥിരം ശ്രോതാവാണ് ശ്രദ്ധ. സപ്റ്റംബര്‍ 20നു നടത്തിയ മന്‍കി ബാത്തിനെ ആസ്പദമാക്കി ഹിന്ദിയിലും ഇംഗ്ളീഷിലും പ്രതികരണ ലേഖനങ്ങള്‍ തയാറാക്കി കണ്ണൂര്‍ ആകാശവാണിക്കും പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ആശയമായ മന്‍കി ബാത്തിനെ ആസ്പദമാക്കി ആദ്യമായാണ് ഒരു സ്കൂള്‍ വിദ്യാര്‍ഥി പ്രതികരണ ലേഖനം തയാറാക്കിയത്. മുംബൈയില്‍ കോളജ് അധ്യാപകനായ തമ്പാന്‍ നായരുടെയും ജയശ്രീയുടെയും മകളാണ്. സഹോദരന്‍ പ്രണവ് കൊട്ടോടി സെന്‍റ് ആന്‍സ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.