കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കേ, പ്രത്യേക രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ മുന്നണികള്‍ വിയര്‍പ്പൊഴുക്കുന്നു. പല പഞ്ചായത്തുകളിലും മുന്നണി സംവിധാനം തന്നെ ഇല്ലാതാവുന്ന രീതിയില്‍ കോണ്‍ഗ്രസും ലീഗും തനിച്ച് മത്സരിക്കുന്ന അവസ്ഥയിലും ശക്തമായ പ്രചാരണവുമായാണ് യു.ഡി.എഫ് രംഗത്തുള്ളത്. അതേസമയം ജില്ലാ, ബ്ളോക്, ഗ്രാമ പഞ്ചായത്തുകളില്‍ വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം കണ്ണൂര്‍ കോര്‍പറേഷന്‍െറ കന്നിഭരണം കൂടി പിടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ഇടതുമുന്നണി. എസ്.എന്‍.ഡി.പി ബന്ധത്തെതുടര്‍ന്നുള്ള ഊര്‍ജവും സി.പി.എമ്മില്‍നിന്നുള്ള കൊഴിഞ്ഞുപോക്കും മുതലെടുത്ത് ബി.ജെ.പിയും സാന്നിധ്യമറിയിക്കാനായി വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികളും സജീവമായി രംഗത്തുണ്ട്. ഇരിക്കൂര്‍, രാമന്തളി, നടുവില്‍, തൃപ്പങ്ങോട്ടൂര്‍,കൊളച്ചേരി എന്നീ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും പരസ്പരം ഏറ്റുമുട്ടുന്നത്. ഇരിക്കൂറില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നം നിരവധി തവണ ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാനായിട്ടില്ല. പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുന്നു. പഞ്ചായത്ത് പരിധിയിലെ ഇരിക്കൂര്‍, പെരുവളത്തുപറമ്പ് ബ്ളോക് ഡിവിഷനിലും അവര്‍ പരസ്പരം മാറ്റുരക്കുകയാണ്. കോണ്‍ഗ്രസും മുസ്ലിം ലീഗും എല്‍.ഡി.എഫും ചേര്‍ന്ന് ത്രികോണ മത്സരമാണിവിടെ. എല്‍.ഡി.എഫിനെ ഐ.എന്‍.എല്ലും വെല്‍ഫെയര്‍ പാര്‍ട്ടിയും സഹായിക്കുന്നുമുണ്ട്. മുന്നണിയിലെ ഒന്നാം കക്ഷിയായ തങ്ങളെ മുസ്ലിം ലീഗ് മാനിക്കുന്നില്ളെന്നും അവരുടെ അപ്രമാദിത്വം അംഗീകരിക്കാനാവില്ളെന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍, തങ്ങളുടെ സ്വാധീനം കോണ്‍ഗ്രസ് വില കുറച്ച് കാണുകയാണെന്ന് ലീഗ് ആരോപിക്കുന്നു. നടുവില്‍ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നു. രാമന്തളിയില്‍ നാലു വാര്‍ഡുകളിലാണ് കോണ്‍ഗ്രസും ലീഗും ഏറ്റുമുട്ടുന്നത്. തൃപ്പങ്ങോട്ടൂരില്‍ കീരിയാവ് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് സ്വതന്ത്രനാണ് സ്ഥാനാര്‍ഥി. കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം വാര്‍ഡിലും ഇരു പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. ഇതിനിടയിലാണ് മുന്നണിയിലെ വിമത ശല്യം. കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതനായി മത്സരിക്കുന്ന ഡി.സി.സി അംഗം പി.കെ. രാഗേഷ് ഉള്‍പ്പെടെ 23 പേരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പലയിടങ്ങളിലും മുസ്ലിം ലീഗിനും വിമതരുണ്ട്. ഭൂമിശാസ്ത്രപരമായി തങ്ങള്‍ക്കൊപ്പമാണെങ്കിലും കണ്ണൂര്‍ കോര്‍പറേഷന്‍െറ കന്നിഭരണം ലഭിക്കാതാവുമോ എന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. മുസ്ലിംലീഗും സി.പി.എമ്മും അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ അണികള്‍ ആശയക്കുഴപ്പത്തിലുമാണ്. എല്‍.ഡി.എഫില്‍ പൊതുവേ പടലപ്പിണക്കവും അസ്വാരസ്യങ്ങളും കുറവാണെങ്കിലും എസ്.എന്‍.ഡി.പി -ബി.ജെ.പി ബന്ധം ഈഴവ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുമോ എന്ന ആശങ്ക അവര്‍ക്കും ഇല്ലാതില്ല. വികസന പ്രവര്‍ത്തനങ്ങളാണ് പൊതുവേ അവരുടെ അജണ്ട. കണ്ണൂരില്‍ വികസന പദ്ധതികളെ തങ്ങള്‍ അകമഴിഞ്ഞ് പിന്തുണച്ച കാര്യം അവര്‍ പ്രചാരണത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യു.ഡി.എഫിലെ വിമതന്മാരെ കഴിയുന്നത്ര പിന്തുണച്ച് വോട്ടാക്കുകയാണ് അവരുടെ തന്ത്രം. ആലക്കോട് പഞ്ചായത്തിലെ മേരിഗിരി, ഒറ്റത്തൈ,രയരോം എന്നീ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്വന്തം സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് കോണ്‍ഗ്രസ് വിമതര്‍ക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള ബന്ധവും അവര്‍ തുറന്നുകാട്ടുന്നു. എരമം കുറ്റൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും പിന്തുണക്കുന്നുണ്ട്. പാനൂര്‍ മുനിസിപ്പാലിറ്റിയിലെ പെരിങ്ങളം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ട്. ജില്ലയില്‍ എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിക്കഴിഞ്ഞു.വോട്ടര്‍മാരെ നേരിട്ടുകണ്ടുള്ള പ്രചാരണത്തിനാണ് സ്ഥാനാര്‍ഥികള്‍ ഊന്നല്‍ നല്‍കുന്നത്. പലയിടങ്ങളിലും പുതിയ ഭരണസമിതിയുടെ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചാണ് പ്രചാരണം. അടുത്ത ദിവസങ്ങളിലായി എ.കെ. ആന്‍റണി, വി.എസ്. അച്യുതാനന്ദന്‍, വി.എം. സുധീരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ ജില്ലയിലത്തെും. അതോടെ പ്രചാരണം കൂടുതല്‍ മുറുകുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.