മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി

കുമ്പള: യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തിങ്കളാഴ്ച ജില്ലയിലത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കുമ്പള-ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ആരിക്കാടി ദേശീയപാതയില്‍ നാട്ടുകാര്‍ കരിങ്കൊടി കാണിച്ചു. ഉപ്പളയിലത്തെുന്ന മുഖ്യമന്ത്രിയുടെ യാത്രക്കുവേണ്ടി ദേശീയപാതയില്‍ നടത്തിയ മിനുക്കുപണി കുമ്പള-ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും നാട്ടുകാരും ഇടപെട്ട് ഞായറാഴ്ച തടഞ്ഞിരുന്നു. നേരത്തേ, തീരുമാനിച്ചിരുന്നത് പ്രകാരം തിങ്കളാഴ്ച കരിദിനം ആചരിക്കുന്നതിന്‍െറ ഭാഗമായാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. രാവിലെ ഒമ്പതുമണിയോടെ കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ടതിനുശേഷം കുമ്പള വഴി മുഖ്യമന്ത്രി കടന്നുപോകുമെന്ന് അറിവായതോടെ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ അബ്ദുല്ലത്തീഫ് കുമ്പള, ആരിഫ് മൊഗ്രാല്‍, ചെയര്‍മാന്‍ കെ.എഫ്. ഇഖ്ബാല്‍ ഉപ്പള, മുഹമ്മദ് ആനബാഗിലു, സയ്യദ് ശമീം, ഹനീഫ ആരിക്കാടി, അഫ്സല്‍ ആരിക്കാടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ ആരിക്കാടി ജങ്ഷനിലത്തെി. ഷിറിയ പാലത്തില്‍ കരിങ്കൊടി നാട്ടി. പൊലീസ് ഈ കൊടിയുള്‍പ്പെടെ മൊഗ്രാല്‍ പാലം വരെ സ്ഥാപിച്ച മുഴുവന്‍ കൊടികളും എടുത്തുമാറ്റി. ഡിവൈ.എസ്.പി സുകുമാരന്‍, കുമ്പള സി.ഐ കെ.പി. സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം പ്രതിഷേധക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ പ്രതിഷേധം നിര്‍ത്തിവെക്കാമെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചെങ്കിലും വഴങ്ങിയില്ല. കരിങ്കൊടി കാട്ടുമെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കുമ്പള മുതല്‍ ബന്തിയോട് വരെ സുസജ്ജരായ പൊലീസ് സന്നാഹത്തിനിടയിലൂടെ 9.20ഓടെ മുഖ്യമന്ത്രി കാര്‍ മാര്‍ഗം ആരിക്കാടിയിലത്തെി. കറുത്ത തുണികൊണ്ട് മുഖം മൂടിക്കെട്ടിയ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിക്കാണിച്ചു. അകമ്പടി വാഹനങ്ങളുടെ ഒഴുക്ക് നിലച്ചതോടെ ഒരു യുദ്ധമൊഴിഞ്ഞ സമാധാനമായിരുന്നു പൊലീസിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.