കണ്ണൂര്‍: ജനമൈത്രി സുരക്ഷാ പദ്ധതിയില്‍ സംസ്ഥാനത്ത് ഈ സാമ്പത്തികവര്‍ഷം രണ്ടരലക്ഷം വനിതകള്‍ക്ക് ആത്മരക്ഷാ പ്രതിരോധ പരിശീലനം നല്‍കുമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫിസറായ എ.ഡി.ജി.പി ഡോ. ബി. സന്ധ്യ അറിയിച്ചു. പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ട പരിശീലന പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.ഡി.ജി.പി. പ്രതിരോധ മുറകള്‍ പഠിപ്പിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്താനും സുരക്ഷ ഉറപ്പാക്കാനുമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊലീസ് ആക്ടിലെ സെക്ഷന്‍ 3 പ്രകാരം മനുഷ്യാവകാശവും അന്തസ്സും സംരക്ഷിക്കുകയെന്നത് പൊലീസിന്‍െറ കടമകളിലൊന്നാണ്. ഈ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ജനമൈത്രി സുരക്ഷാപദ്ധതി നടപ്പാക്കുന്നതെന്ന് എ.ഡി.ജി.പി പറഞ്ഞു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ആണ്‍കുട്ടികള്‍ക്കും ജനമൈത്രി സുരക്ഷാ പരിശീലനം നല്‍കും. പദ്ധതിക്കായുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനമാണ് കണ്ണൂരില്‍ പൂര്‍ത്തിയായത്. വനിതാ പൊലീസ്, കുടുംബശ്രീ, കോളജ് വിദ്യാര്‍ഥിനികള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നായി 50 പേരാണ് അഞ്ചു ദിവസത്തെ പരിശീലന ക്ളാസില്‍ പങ്കെടുത്തത്. ഇവര്‍ ഇനി ജില്ലയിലെ സ്കൂളുകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവയിലൂടെ സ്ത്രീകളെ സ്വയം പ്രതിരോധത്തിന്‍െറ പാഠങ്ങള്‍ പരിശീലിപ്പിക്കും. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഘട്ടങ്ങളില്‍ പൊലീസില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങളെയും സമീപിക്കേണ്ട സംവിധാനങ്ങളെയും കുറിച്ചും ബോധവത്കരിക്കും. 20 മണിക്കൂര്‍ ലഭിക്കും വിധം 15 ദിവസത്തെ പരിശീലനമാണ് നടത്തുക. അഞ്ച് ജില്ലകളില്‍ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് അധ്യക്ഷത വഹിച്ചു. എ.ആര്‍.സി ഡെപ്യൂട്ടി കമാന്‍ഡന്‍റ് സാഗുല്‍, ജനമൈത്രി സുരക്ഷാ പദ്ധതി ജില്ലാ നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി വി.എന്‍. വിശ്വനാഥന്‍, ഡിവൈ.എസ്.പിമാരായ പി.കെ. മൊയ്തീന്‍കുട്ടി, വി. മധുസൂദനന്‍, വനിതാ സെല്‍ സി.ഐ പി.എസ്. സ്വര്‍ണമ്മ, പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ സ്വാഗതവും ഇന്‍സ്പെക്ടര്‍ എം.പി. ആസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.