ജനമൈത്രി സ്ത്രീസുരക്ഷാ പദ്ധതി പരിശീലനം തുടങ്ങി

കണ്ണൂര്‍: പ്രതിരോധ മുറകള്‍ പഠിപ്പിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്താനും സുരക്ഷ ഉറപ്പാക്കാനുമുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കം. ജനമൈത്രി സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ ഒരു വര്‍ഷം കൊണ്ട് കാല്‍ലക്ഷം വനിതകള്‍ക്ക് പരിശീലനം നല്‍കും. പരിശീലനത്തിനുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ സജ്ജരാക്കാനുള്ള ക്ളാസാണ് കണ്ണൂരിലെ സായുധ പൊലീസ് സേനാ ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വനിതാ പൊലീസ്, കുടുംബശ്രീ അംഗങ്ങള്‍, കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 50 പേര്‍ക്കാണ് അഞ്ച് ദിവസത്തെ പരിശീലനം. ജില്ലയിലെ സ്കൂളുകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവ വഴി ഇവര്‍ സ്ത്രീകളെ സ്വയം പ്രതിരോധത്തിന്‍െറ പാഠങ്ങള്‍ പരിശീലിപ്പിക്കും. പരമ്പരാഗത ആയോധനാഭ്യാസങ്ങളുടെ സങ്കീര്‍ണതയോ കാഠിന്യമോ ഇല്ലാതെ ലളിതമായ മാര്‍ഗങ്ങളിലൂടെ എങ്ങനെ സ്വയരക്ഷ ഉറപ്പാക്കാമെന്നാണ് പരിശീലിപ്പിക്കുന്നത്. ഓരോ വ്യക്തികളും എടുക്കേണ്ട മുന്‍കരുതലുകള്‍, ജാഗ്രത, കൈയേറ്റങ്ങളോ ശല്യപ്പെടുത്തലോ ഉണ്ടായാല്‍ നേരിടേണ്ടവിധം തുടങ്ങിയവക്കാണ് പദ്ധതിയില്‍ ഊന്നല്‍. സമഗ്ര സമീപനത്തിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഘട്ടങ്ങളില്‍ പൊലീസില്‍നിന്ന് ലഭിക്കുന്ന സഹായങ്ങളെയും സമീപിക്കേണ്ട സംവിധാനങ്ങളെയും കുറിച്ചും ബോധവത്കരിക്കും. ചുരുങ്ങിയത് 20 മണിക്കൂര്‍ ലഭിക്കുംവിധം 15 ദിവസത്തെ പരിശീലനമാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ സംസ്ഥാന കോഓഡിനേറ്ററായ പൊലീസ് ഇന്‍ഫര്‍മേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. രാജശേഖരന്‍ പറഞ്ഞു. അഞ്ച് ജില്ലകളില്‍ ഇതിനകം പരിശീലനം തുടങ്ങി. ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് ഇന്‍ഫര്‍മേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. പൊലീസ് കമാന്‍ഡോ സി.ഐ വി.ജി. അജിത് കുമാര്‍, വനിതാ സെല്‍ സി.ഐ പി.എസ് സ്വര്‍ണമ്മ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.