ചരിത്രമുറങ്ങുന്ന ചായക്കട ഓര്‍മയിലേക്ക്

പാപ്പിനിശ്ശേരി: മലബാറിലെ വിപ്ളവ രാഷ്ട്രീയത്തിന്‍െറ പ്രധാന കേന്ദ്രമായിരുന്ന കല്യാശ്ശേരിയിലെ ചരിത്ര സമരങ്ങളുടെ ആലോചനക്ക് സാക്ഷിയായ കല്യാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ ആല്‍മരവും ചാത്തോത്ത് ചായക്കടയും ഓര്‍മയിലേക്ക്. ഒട്ടേറെ നിര്‍ണായകമായ തീരുമാനങ്ങള്‍ക്കും ആസൂത്രിതമായ സമരങ്ങളുടെ തുടക്കത്തിനും ഈ ചായക്കടയും ആല്‍മരവും സാക്ഷ്യം വഹിച്ചു. എ.കെ.ജി, കെ. കേളപ്പന്‍, കെ.പി.ആര്‍. ഗോപാലന്‍, പി. കൃഷ്ണപ്പിള്ള, ഇ.കെ. നായനാര്‍ തുടങ്ങിയ നേതാക്കളുടെ ദൈനംദിന കൂടിച്ചേരലുകള്‍ ഈ ചായക്കടയിലും ഇതിന്‍െറ പരിസരത്തുമായിരുന്നു. 1927ല്‍ കല്യാശ്ശേരി എലിമെന്‍ററി സ്കൂളില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ. കേളപ്പനും സംഘവും കല്യാശ്ശേരിയില്‍ എത്തിയപ്പോള്‍ താവളമടിച്ചത് ഈ ആല്‍മരത്തിന്‍െറ ചുവട്ടിലായിരുന്നു. ഇതോടെ കെ.പി.ആര്‍. ഗോപാലന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ചാത്തോത്ത് ചായക്കട പ്രവര്‍ത്തനകേന്ദ്രമായി. ഗാന്ധിജിയുടെ സഹപ്രവര്‍ത്തകനായ സി.എഫ്. ആന്‍ഡ്രൂസും ഇവിടം സന്ദര്‍ശിച്ചിരുന്നു. 1930 ജനുവരി 30ന് കോണ്‍ഗ്രസ് പതാകയുയര്‍ത്തി സ്വാതന്ത്ര്യ സമര പ്രതിജ്ഞയെടുക്കാന്‍ ഹരീശ്വരന്‍ തിരുമുമ്പ് എത്തിച്ചേര്‍ന്നതും ഈ ആല്‍മരത്തിന്‍െറ ചുവട്ടിലാണ്. കെ. കേളപ്പന്‍െറ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നടത്താന്‍ തീരുമാനിച്ച ഉപ്പു സത്യഗ്രഹ യാത്രക്ക് സ്വീകരണം നല്‍കിയതും ഈ ചായക്കടയുടെയും ആല്‍മരത്തിന്‍െറയും പരിസരത്താണ്. ഇതോടെ ഈ കട കേന്ദ്രീകരിച്ച് സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറി. ബ്രിട്ടീഷ് പൊലീസ് ഈ പരിസരത്ത് യോഗം ചേരുന്നതിന് ആറുമാസത്തേക്ക് നിരോധം ഏര്‍പ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് സമരം നടത്താന്‍ തുനിഞ്ഞ കെ.പി.ആര്‍. ഗോപാലനെ മൂന്നുമാസത്തേക്ക് അന്നത്തെ സര്‍ക്കാര്‍ ശിക്ഷിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നിരവധി ചരിത്ര സംഭവങ്ങളുടെയും രാഷ്ട്രീയ ചര്‍ച്ചകളുടെയും സിരാകേന്ദ്രമായിരുന്ന കല്യാശ്ശേരി ദേശീയ പാതയരികിലെ ചാത്തോത്ത് കട വില്‍പന നടത്തിയതിനാല്‍ പഴയ കെട്ടിടം പൊളിച്ചു നീക്കാന്‍ തുടങ്ങി. നൂറ്റാണ്ടുകളുടെ കഥ പറയുന്ന കടയും സ്ഥലവും സ്വകാര്യ വ്യക്തി വിലക്കു വാങ്ങിയതിനെ തുടര്‍ന്ന് മലബാറിലെ രാഷ്ട്രീയ ചരിത്രമുറങ്ങുന്ന ചായക്കട ഓര്‍മയില്‍ മാത്രമാവും. ഇന്നത്തെ പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ ചരിത്രകാരന്മാര്‍ക്കോ ഇന്നേവരെ ഈ കഥപറയുന്ന ചായക്കട സംരക്ഷിക്കണമെന്ന ചിന്ത ഉടലെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.