മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങാന്‍ 83 ദിവസം മാത്രം അവശേഷിക്കേ പുതിയ ഗ്രീന്‍ഫീല്‍ഡ് റോഡിന് മികച്ച നഷ്ടപരിഹാര പാക്കേജുമായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിച്ചു. റോഡിനെതിരെ പ്രദേശവാസികളില്‍നിന്ന് കടുത്ത എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് സ്ഥലം വിട്ടു കൊടുക്കുന്നവര്‍ക്ക് ആകര്‍ഷക നഷ്ടപരിഹാര പാക്കേജ് തയാറാക്കിയത്. കഴിഞ്ഞദിവസം വിമാനത്താവള പദ്ധതി പ്രദേശം സന്ദര്‍ശിച്ച മന്ത്രി കെ. ബാബു പാക്കേജ് തയാറാക്കാന്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണിനെ ചുമതലപ്പെടുത്തിയിരുന്നു. ഒട്ടേറെ വളവുകളുള്ള കണ്ണൂര്‍- മട്ടന്നൂര്‍ റോഡ് വീതി കൂട്ടുമ്പോള്‍ കോടിക്കണക്കിനു രൂപ അധിക ബാധ്യത വരുമെന്നാണ് അധികൃതര്‍ പറയുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വീടുകളും ഒഴിപ്പിക്കേണ്ടി വരും. ഇത് ചൂണ്ടിക്കാട്ടിയാണ് പദ്ധതി പ്രദേശത്തേക്ക് കണ്ണൂര്‍ ചൊവ്വയില്‍ നിന്ന് പുതിയ ഗ്രീന്‍ഫീല്‍ഡ് റോഡ് വിഭാവനം ചെയ്തത്. ഇതു വിമാനത്താവളത്തിലേക്കു മാത്രമുള്ള റോഡായിരിക്കും. റോഡിനു തുടക്കം മുതല്‍ തന്നെ എതിര്‍പ്പു വന്നതോടെ സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും സമരത്തിന് അയവുണ്ടായില്ല. വിമാനത്താവളത്തിന് രണ്ടാം ഘട്ട ഭൂമി ഏറ്റെടുത്തപ്പോഴുള്ള പാക്കേജിന് ആനുപാതികമായാണ് ഗ്രീന്‍ഫീല്‍ഡ് റോഡിനും പാക്കേജ് തയാറാക്കിയതെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. സമരരംഗത്തുള്ളവരുമായി സമവായമുണ്ടായാല്‍ റോഡിന്‍െറ പ്രവൃത്തി ഉടന്‍ തുടങ്ങും. മറ്റു റോഡുകളുടെ പ്രവൃത്തിയും ഉടന്‍ ആരംഭിക്കാന്‍ നീക്കമുണ്ട്. വാഴാന്തോട് മുതല്‍ പദ്ധതി പ്രദേശം വരെയുള്ള റോഡിന് 85ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.എന്നാല്‍, കേന്ദ്ര ഉപരിതല മന്ത്രാലയം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ദേശീയപാത നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ ഗ്രീന്‍ഫീല്‍ഡ് റോഡ് അപ്രസക്തമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. നിലവിലുള്ള കണ്ണൂര്‍- മട്ടന്നൂര്‍ റോഡ് വീതി കൂട്ടി ഗ്രീന്‍ ഫീല്‍ഡ് റോഡ് ഉപേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിമാനത്താവളത്തിലേക്ക് ദേശീയപാത നിര്‍മിക്കുമ്പോള്‍ കേന്ദ്രം പണം ചെലവഴിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.