എസ്.എം.എസ് സമ്മാന തട്ടിപ്പ്: ആഫ്രിക്കന്‍ സ്വദേശി പിടിയില്‍

വീരാജ്പേട്ട: മൂന്നു കോടിയുടെ സമ്മാനം ലഭിച്ചതായി മൊബൈലിലൂടെ സന്ദേശമയച്ച് തട്ടിപ്പു നടത്തിയ ആഫ്രിക്കന്‍ സ്വദേശി പിടിയില്‍. കാമറൂണ്‍ സ്വദേശി ജാനോബട്രാണ് (26) പിടിയിലായത്. വീരാജ്പേട്ട ഗോണികുപ്പ റോഡിലെ ഡി.എ. അബ്ദുല്‍ മജീദിന്‍െറ ഭാര്യ സുലൈഖയാണ് തട്ടിപ്പിനിരയായത്. ഷെവര്‍ലേ കമ്പനിയില്‍നിന്ന് 3.35 കോടിയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും തുക ലഭിക്കാനായി നികുതി ഇനത്തില്‍ 45 ലക്ഷം രൂപ അടക്കണമെന്നുമായിരുന്നു സന്ദേശം. വീടിന്‍െറ ആധാരവും സ്വര്‍ണാഭരണങ്ങളുമടക്കം പണയംവെച്ച് ലഭിച്ച തുക സുലൈഖ സന്ദേശത്തില്‍ പറഞ്ഞ ബംഗളൂരുവിലെ അക്കൗണ്ടിലേക്ക് മൂന്നു തവണകളായി അയച്ചുകൊടുത്തു. ഇതിനിടെ സമ്മാനം കൈപ്പറ്റാനായി 40,000 രൂപകൂടി ആവശ്യപ്പെട്ടതോടെ യുവതിക്ക് സംശയം തോന്നി. ഉടനെ ബംഗളൂരുവിലേക്ക് തിരിച്ച സുലൈഖ ബന്ധുക്കളുടെ സഹായത്താല്‍ ബാണസമാഡി എന്ന സ്ഥലത്ത് താമസിക്കുന്ന ആഫ്രിക്കന്‍ സംഘത്തെകുറിച്ച് അറിയാന്‍ കഴിഞ്ഞു. അപ്പോഴാണ് വഞ്ചനക്കിരയായതായി അറിയുന്നത്. ഉടനെ തിരിച്ചുവന്ന യുവതി വീരാജ്പേട്ട പൊലീസില്‍ പരാതി നല്‍കി. വീരാജ്പേട്ട പൊലീസ് ബംഗളൂരു ക്രൈംബ്രാഞ്ചിന്‍െറ സഹായത്തോടെയാണ് കാമറൂണ്‍ സ്വദേശിയെ പിടികൂടിയത്. മൂന്നുപേര്‍കൂടി സംഘത്തിലുണ്ടെന്നും ഇവര്‍ ബംഗളൂരുവില്‍തന്നെയുണ്ടെന്നും ജാനോ വെളിപ്പെടുത്തി. ഇവരുടെ ആഫ്രിക്കന്‍ വിലാസത്തിലും അന്വേഷണം നടന്നുവരുന്നതായി വീരാജ്പേട്ട ഡിവൈ.എസ്.പി കുമാര്‍ചന്ദ്ര ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.