പ്രകൃതിക്ഷോഭ വിളനാശം: നഷ്ടപരിഹാരം വര്‍ധിപ്പിക്കല്‍; പ്രതീക്ഷയോടെ കര്‍ഷകര്‍

കേളകം: പ്രകൃതിക്ഷോഭം മൂലം നശിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ച്, പ്രകൃതി ക്ഷോഭത്തില്‍ നശിക്കുന്ന വിളകള്‍ക്ക് ഹെക്ടറില്‍ നിശ്ചയിച്ചുള്ള ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമാവുകയും ചെയ്ത സാഹചര്യത്തിലാണ് വിളനാശത്തിനുള്ള നഷ്ടപരിഹാര തുകയില്‍ വന്‍വര്‍ധന വരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. തെങ്ങ്, വാഴ, റബര്‍, കശുമാവ്, കമുക്, കൊക്കോ, കാപ്പി, കുരുമുളക്, ജാതി, ഗ്രാമ്പു, വെറ്റിലക്കൊടി, പുകയില കൃഷികള്‍ നശിച്ചാല്‍ നല്‍കുന്ന ധനസഹായത്തിലാണ് ഗണ്യമായ വര്‍ധന വരുത്തിയത്. പുതിയ ഉത്തരവ് പ്രകാരം പ്രകൃതിക്ഷോഭത്തില്‍ നശിക്കുന്ന തെങ്ങൊന്നിന് 700 രൂപയും വാഴക്ക് 100 രൂപയും കശുമാവിന് 150 രൂപയും കമുകിന് 150 രൂപയും കൊക്കോക്ക് 100 രൂപയും കാപ്പിക്ക് 100 രൂപയും കുരുമുളകിന് 75 രൂപയും ജാതിക്ക് 400 രൂപയും ഗ്രാമ്പുവിന് 200 രൂപയും വെറ്റിലക്കൊടിക്ക് 300 രൂപയും പുകയിലക്ക് 1500 രൂപയും ലഭിക്കും. മുമ്പ് കേന്ദ്ര മാനദണ്ഡമനുസരിച്ച് കശുമാവിന് 102.8 രൂപയും കമുകിന് 13.30 രൂപയും കൊക്കോക്ക് 36 രൂപയും കാപ്പിക്ക് 18 രൂപയും കുരുമുളകിന് 18 രൂപയും ജാതിക്ക് 120 രൂപയും ഗ്രാമ്പുവിന് 90 രൂപയും പുകയിലക്ക് 272 രൂപയുമായിരുന്നു നല്‍കിയിരുന്നത്. കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാര തുകയില്‍ കൃഷി വകുപ്പ് ഫണ്ടില്‍നിന്നുള്ള വിഹിതം കൂടി ചേര്‍ത്താണ് ധനസഹായത്തുക കുത്തനെ ഉയര്‍ത്തുന്നത്. എന്നാല്‍, വര്‍ധിപ്പിച്ച ധനസഹായം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നാണ് കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും ആവശ്യം. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളില്‍ ഇതുസംബന്ധിച്ച് വാര്‍ത്തയുണ്ടെങ്കിലും കൃഷിഭവനുകളില്‍ സര്‍ക്കാര്‍ ഉത്തരവിന്‍െറ പകര്‍പ്പ് എത്തിയിട്ടില്ളെന്ന് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.