പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ തുറന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് രൂപവത്കരണം സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടതായും ധനകാര്യ വകുപ്പിന്‍െറ ക്ളിയറന്‍സ് കൂടി ലഭിച്ചാല്‍ താലൂക്ക് യാഥാര്‍ഥ്യമാവുമെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പയ്യന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയായ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂരിലെ കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയാണ് താലൂക്ക് പ്രഖ്യാപനം നടത്തിയത്. ഉടന്‍ ഫയലുകള്‍ നീങ്ങുകയും ചെയ്തു. 12താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂര്‍ ഉണ്ടായിരുന്നില്ല. ഇതിനു ശേഷം കണ്ണൂരില്‍ താലൂക്ക് പ്രഖ്യാപിക്കുമ്പോള്‍ ആദ്യ പരിഗണന പയ്യന്നൂരിനായിരിക്കണമെന്നായിരുന്നു തീരുമാനം. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥലം നീക്കിവെക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യൂ സര്‍വേ അദാലത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കി ലിംക ബുക്കില്‍ ഇടം നേടിയ മന്ത്രിക്ക് കണ്ണൂര്‍ ജില്ലയുടെ ഉഹാരം കലക്ടര്‍ പി. ബാലകിരണ്‍ കൈമാറി. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍പേഴ്സന്‍ കെ.വി. ലളിത, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ഗൗരി, സബ് കലക്ടര്‍ നവജോത് ഖോസ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായ ടി. പത്മാവതി, പി. രവീന്ദ്രന്‍, കെ.ബി. ബാലകൃഷ്ണന്‍, ഈശ്വരി ബാലകൃഷ്ണന്‍, റോഷി ജോസ്, പി.വി. തമ്പാന്‍, സി. ചന്ദ്രിക, കെ. സത്യഭാമ. എം. കുഞ്ഞിരാമന്‍, ജി.ഡി. നായര്‍, ടി.ഐ. മധുസൂദനന്‍, എ.പി. നാരായണന്‍, കെ.വി. ബാബു, തുടങ്ങിയവര്‍ സംസാരിച്ചു. കലക്ടര്‍ ബാലകിരണ്‍ സ്വാഗതവും തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 24655 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഉള്ള മൂന്നുനില കെട്ടിടത്തില്‍ 11ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യമുണ്ട്. ഒരു കോണ്‍ഫറന്‍സ് ഹാളും ഒരുക്കിയിട്ടുണ്ട്. 285ലക്ഷം രൂപ എസ്റ്റിമേറ്റില്‍ ആരംഭിച്ച കെട്ടിടം 30ശതമാനം അധിക നിരക്കു കൂടി നല്‍കിയാണ് പൂര്‍ത്തിയാക്കിയത്. 2011 ഫെബ്രുവരി 28നാണ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ആദ്യം 486 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ 36830 ചതുരശ്ര അടിയില്‍ 21 ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആറ് നില കെട്ടിടമാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ചരിത്രസ്മാരകമായ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് പ്ളാന്‍ മാറ്റി ചുരുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.