പൊന്നാണ് പയ്യന്നൂര്‍

കണ്ണൂര്‍: പയ്യന്നൂര്‍ സബ് ജില്ല തുടര്‍ച്ചയായ അഞ്ചാം തവണ ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റ് ചാമ്പ്യന്‍ഷിപ് സ്വന്തമാക്കി. ആദ്യ ദിനത്തില്‍ ലഭിച്ച ലീഡ് അവസാന മത്സരം കഴിയും വരെയും കാത്തുസൂക്ഷിച്ചാണ് പയ്യന്നൂര്‍ കിരീടമണിഞ്ഞത്. പതിനഞ്ച് സ്വര്‍ണവും ഇരുപത്തിനാല് വെള്ളിയും പതിനെട്ട് വെങ്കലവുമടക്കം 193 പോയന്‍റുകളാണ് ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്. 13 സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 103 പോയന്‍റുകള്‍ നേടിയ ഇരിട്ടി ഉപജില്ലയാണ് റണ്ണേഴ്സ് അപ്. ഏഴ് സ്വര്‍ണവും 12 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 91 പോയന്‍റ് നേടിയ ഇരിക്കൂര്‍ സബ്ജില്ലയും എട്ട് സ്വര്‍ണവും ആറ് വെള്ളിയും 19 വെങ്കലവുമടക്കം 91 പോയന്‍റ് നേടിയ തളിപ്പറമ്പ് നോര്‍ത് സബ്ജില്ലയും മൂന്നാം സ്ഥാനം പങ്കുവെച്ചു. പയ്യന്നൂര്‍ സബ്ജില്ലയിലെ കോഴിച്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് മീറ്റിലെ ഏറ്റവും മികച്ച സ്കൂളിനുള്ള മെഡല്‍ നേടിയത്. മൂന്ന് സ്വര്‍ണവും 10 വെള്ളിയും അഞ്ച് വെങ്കലവുമടക്കം 50 പോയന്‍റുകള്‍ നേടിയാണ് കോഴിച്ചാല്‍ ഈ വിഭാഗത്തില്‍ ചാമ്പ്യന്മാരായത്. മൂന്ന് സ്വര്‍ണം, ആറ് വെള്ളി അഞ്ച് വെങ്കലമടക്കം 38 പോയന്‍റ് നേടിയ പയ്യന്നൂര്‍ സബ്ജില്ലയിലെ തന്നെ പ്രാപ്പൊയില്‍ ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂന്നു വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 29 പോയന്‍റ് നേടിയ എളയാവൂര്‍ സി.എച്ച്.എം എച്ച്.എസ്.എസ് ആണ് മൂന്നാം സ്ഥാനത്ത്. പതിനാറ് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്ന മേള സമീപകാലത്തെ ഏറ്റവും മികച്ച റിസള്‍ട്ടുകള്‍ സമ്മാനിച്ചാണ് സമാപിച്ചത്. ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ജി.വി.എച്ച്.എസ്.എസിലെ വി.വി. അര്‍ഷാന പുതിയ ദൂരം കുറിച്ചു. 2011ല്‍ പാലയാട് ജി.വി.എച്ച്.എസ്.എസിലെ വി. നിവില സ്ഥാപിച്ച 25.80 മീറ്റര്‍ ദൂരം 32.25 മീറ്റര്‍ ആക്കിയാണ് അര്‍ഷാന റെക്കോര്‍ഡിന് ഉടമയായത്. വ്യക്തിഗത ചാമ്പ്യന്മാരായി സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ എളയാവൂര്‍ സി.എച്ച്.എം എച്ച്.എസ്.എസിലെ അര്‍ജുന്‍ സുനില്‍ കുമാര്‍, കേളകം സെന്‍റ് തോമസ് എച്ച്.എസ്.എസിലെ ആര്‍ വൈഷ്ണവ് എന്നിവരെ തെരഞ്ഞെടുത്തു. സബ് ജൂനിയര്‍ വിഭാഗത്തില്‍ കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസിലെ യു. ഗോകുല്‍ കൃഷ്ണനാണ് വ്യക്തിഗത ചാമ്പ്യന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.എച്ച്.എസ് മണത്തണയിലെ കെ.എസ്. ജഗന്നാഥ്, പട്ടാന്നൂര്‍ കെ.പി.സി.എച്ച്.എസ്.എസിലെ വി.ആര്‍. ശ്രീഷ്ണു, കാടാച്ചിറ ഹൈസ്കൂളിലെ വി.സി. കാര്‍ത്തിക് എന്നിവരെ തെരഞ്ഞെടുത്തു. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ ജി.വി.എച്ച്.എസ്.എസ് കണ്ണൂരിലെ വി.വി. അര്‍ഷാനയാണ് വ്യക്തിഗത ചാമ്പ്യന്‍. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസിലെ എസ്. സോനയും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.വി.വി.എച്ച്.എസ്.എസിലെ സ്റ്റെല്ല മേരിയും വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സമ്മേളനം എ.ആര്‍. ക്യാമ്പ് അസി. കമാന്‍ഡര്‍ അബ്ദുല്‍ നിസാര്‍ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ യു. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.പി. അനില്‍കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒ.കെ. വിനീഷ്, ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സതി റാണി, വി.എച്ച്.എസ്.ഇ അസി. ഡയറക്ടര്‍ എം. സെല്‍വമണി, തളിപ്പറമ്പ് ഡി.ഇ.ഒ കെ.പി. വാസു, ഗോപിനാഥ്, കെ.എം. സുനില്‍ കുമാര്‍, വി.എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. പി.പി. മുഹമ്മദാലി സ്വാഗതും ഷാജു ജോസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.