വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങാന്‍ ഇനി 35 ദിവസം മാത്രം അവശേഷിക്കേ വിവിധ മേഖലകളില്‍ വന്യമൃഗശല്യം ഏറുന്നതിനെ തുടര്‍ന്ന് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വെളിയമ്പ്ര പ്രദേശത്ത് പറയനാട്, ആട്ട്യലം മേഖലകളില്‍ അടുത്തകാലത്തായി കുരങ്ങുകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായും ഇവയുടെ നിരന്തര ശല്യം നിമിത്തം ജനജീവിതം ദുസ്സഹമായതായും നാട്ടുകാര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞദിവസം ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിരുന്നു. ഇതുസംബന്ധിച്ചുള്ള അന്വേഷണമാണ് ഇന്നലെ ആരംഭിച്ചത്. നാട്ടുകാര്‍ നല്‍കിയ നിവേദനത്തില്‍ വിമാനത്താവള പദ്ധതി പ്രദേശത്തേക്കുറിച്ചോ മറ്റോ പരാമര്‍ശിക്കുന്നില്ളെങ്കിലും അതിവിസ്തൃതമായ മൂര്‍ഖന്‍പറമ്പില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തവേ രക്ഷപ്പെട്ട വന്യമൃഗങ്ങളാണ് പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള വിവിധ മേഖലകളില്‍ നാശം വിതയ്ക്കുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ അനുമാനം. തുടര്‍ന്നാണ് നാട്ടുകാര്‍ പരാതി നല്‍കിയ പ്രദേശങ്ങളായ പറയനാട്, ആട്ട്യലം മേഖലകള്‍ക്കു പുറമേ മറ്റുചില പ്രദേശങ്ങളിലും ബന്ധപ്പെട്ടവര്‍ അന്വേഷണം നടത്തിയത്. പറയനാട്, ആട്ട്യലം മേഖലകളിലുള്ളവരുടെ കാര്‍ഷിക വിളകള്‍ മുഴുവന്‍ കുരങ്ങുകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നതായും സ്കൂള്‍ കുട്ടികളേയും, അവശരായ മുതിര്‍ന്നവരേയും ആക്രമിക്കുന്നതായുമാണ് പ്രദേശവാസികളുടെ പരാതി. കുരങ്ങുകളെ കൂട് സ്ഥാപിച്ച് പിടികൂടി ഉള്‍വനത്തില്‍ കൊണ്ടുപോയി വിടണമെന്നുമാണ്് നാട്ടുകാരുടെ ആവശ്യം. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ഇതിന്‍െറ റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്ക് ഉടന്‍ സമര്‍പ്പിക്കും. മൂര്‍ഖന്‍ പറമ്പിലെ മലനിരകള്‍ ഇടിച്ചുനിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ വന്യജീവികളും മറ്റും വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറിയെന്നാണു കരുതുന്നത്. കഴിഞ്ഞ മൂന്നു ദിവസം ശക്തമായ മഴ കാരണം ഏതാനും മണിക്കൂറുകള്‍ പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നതിന് ഇപ്പോള്‍ അവസാനമായി. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്‍െറ സംരക്ഷണ ഭിത്തി നിര്‍മാണം പുരോഗമിക്കുകയാണ്. ടെര്‍മിനല്‍ കെട്ടിടത്തിന്‍െറ കിഴക്ക് ഭാഗത്തെ മേല്‍പാലത്തിന്‍െറ നിര്‍മാണവും അതിവേഗം നടന്നുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.