കണ്ണൂര്‍ വിമാനത്താവളം: പദ്ധതി പ്രദേശത്തിനുചുറ്റും വന്യജീവികള്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള സ്ഥലങ്ങളില്‍ വന്യമൃഗശല്യം ഏറുന്നതായി പരാതി. രാത്രിയിലാണ് ഇവയുടെ ഉപദ്രവം ഏറുന്നത്. ഒരുകാലത്ത് മൂര്‍ഖന്‍ പാമ്പുള്‍പ്പെടെ ഉരഗജീവികളും മയിലുള്‍പ്പെടെ പക്ഷികളും മുള്ളന്‍ പന്നികളും കാട്ടുപന്നികളും വിഹരിച്ച മൂര്‍ഖന്‍ പറമ്പില്‍നിന്നും രക്ഷപ്പെട്ട വന്യമൃഗങ്ങളാണ് പദ്ധതി പ്രദേശത്തിനുചുറ്റും നാശം വിതക്കുന്നതെന്നാണ് അനുമാനം. മൂര്‍ഖന്‍പറമ്പില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കവേ പദ്ധതി പ്രദേശത്തുനിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ചാവശ്ശേരിയില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് പദ്ധതി പ്രദേശത്തിന്‍െറ വടക്കുകിഴക്കു ഭാഗത്ത് എളമ്പാറയിലെ താഴ്വാര പ്രദേശത്ത് കാട്ടുപന്നിക്കൂട്ടം റോഡ് മുറിച്ചു കടക്കവേ ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവവുമുണ്ടായി. ഈ രണ്ട് സംഭവങ്ങളും നടന്നത് രാത്രി 11 മണിയോടടുപ്പിച്ചാണ്. വന്യമൃഗങ്ങള്‍ വിഹരിച്ചിരുന്ന മൂര്‍ഖന്‍ പറമ്പിലെ മലനിരകള്‍ ഇടിച്ചുനിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ചേക്കേറി. അവശേഷിക്കുന്ന, ഇടിച്ചു നിരപ്പാക്കാത്ത കുന്നുകളിലും താഴ്വാര പ്രദേശങ്ങളിലും ഇപ്പോഴും ഇവയുടെ വിഹാരം തുടരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് വിവിധ പ്രദേശത്തുകാര്‍ മൂര്‍ഖന്‍പറമ്പില്‍ താവളമടിച്ച് മുള്ളന്‍ പന്നിയെ മടയില്‍ പുകയിട്ട് പിടികൂടുക പതിവായിരുന്നുവെന്നു പറയുന്നു. നിര്‍മാണ പ്രവര്‍ത്തനം നടക്കവേ, മുള്ളന്‍ പന്നികളുടെ ധാരാളം അമ്പുകളാണ് വിവിധ ഇടങ്ങളിലായി ചിതറിയ നിലയില്‍ കാണപ്പെട്ടത്. നിര്‍മാണ പ്രവര്‍ത്തനം തുടരവേ ഇത്തരം അമ്പുകള്‍ ജനവാസ മേഖലയിലും വീട്ടുപറമ്പിലും റോഡരികിലും കാണപ്പെട്ടിരുന്നു. പദ്ധതി പ്രദേശത്തുനിന്നു ഇവ രക്ഷപ്പെടുമ്പോള്‍ അമ്പുകള്‍ പൊഴിഞ്ഞതാണെന്ന് കരുതുന്നു. മാസങ്ങള്‍ക്കുമുമ്പ് അത്യപൂര്‍വ ശബ്ദങ്ങളും പദ്ധതിപ്രദേശത്തിനുചുറ്റും പ്രകമ്പനം കൊണ്ടിരുന്നു. ഇത് വിവിധ ജന്തുക്കള്‍ ആവാസ മേഖല ഉപേക്ഷിച്ച് മറ്റുപ്രദേശങ്ങളില്‍ അഭയം തേടുമ്പോള്‍ പുറപ്പെടുവിച്ചതാണെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.