പട്ടികവര്‍ഗ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ആറളം സന്ദര്‍ശിച്ചു : ആറളം പുനരധിവാസ മേഖലക്ക് 60 കോടി

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ സമഗ്ര വികസനത്തിന് 60 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി. നബാര്‍ഡ് ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ പ്രധാന ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളത്തിന്‍െറ വികസനത്തിന് 167 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്ന് മന്ത്രിമാരടങ്ങുന്ന ഉന്നത തല സംഘം സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ആദ്യഘട്ടമായി 60 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാന പട്ടികവര്‍ഗ ക്ഷേമ വകുപ്പ് ഡയറക്ടര്‍ പഴയന്തി കഴിഞ്ഞ ദിവസം പുനരധിവാസ മേഖല സന്ദര്‍ശിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. വേലായുധന്‍ എന്നിവര്‍ അനുഗമിച്ചു. കണ്ണൂരിലത്തെിയ ഡയറക്ടര്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണുമായും ചര്‍ച്ച നടത്തി. ആദ്യഘട്ട വികസന പദ്ധതികളുടെ ഭാഗമായി മൂന്ന് പാലങ്ങളും റോഡുകള്‍, കൃഷി, മൃഗ സംരക്ഷണം എന്നീ പദ്ധതികളും നടപ്പാക്കും. ഓടംതോട്, വളയഞ്ചാല്‍, ഉരുട്ടിപ്പുഴ എന്നിവിടങ്ങളിലാണ് പാലങ്ങള്‍ നിര്‍മിക്കുക. പുനരധിവാസ മേഖലയില്‍ നിര്‍മിതി കേന്ദ്രം മുമ്പ് നിര്‍മിച്ചുനല്‍കിയ 361 വീടുകളുടെ അറ്റകുറ്റപ്പണിയും പദ്ധതികളുടെ ഭാഗമായി നടപ്പാക്കും. കണ്ണൂര്‍, വയനാട് ജില്ലകളിലെ 3304 കുടുംബങ്ങളെയാണ് ഒരേക്കര്‍ ഭൂമി വിതം നല്‍കി ആറളം ഫാമില്‍ പുനരധിവസിപ്പിച്ചത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ 1417 കുടുംബങ്ങള്‍ മാത്രമാണ് നിലവില്‍ ആറളത്ത് വസിക്കുന്നത്. വികസന പദ്ധതികള്‍ നടപ്പാകുന്നതോടെ ഭൂമി ലഭിച്ച കുടുംബങ്ങളെ മുഴുവന്‍ ആറളത്ത് മടക്കിയത്തെിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.