കാര്‍ഷിക മേഖലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകള്‍ -മന്ത്രി

കൂത്തുപറമ്പ്: സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകള്‍ തുടങ്ങാനായതായി കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കൃഷിവകുപ്പിനു കീഴിലുള്ള കൂത്തുപറമ്പ് ബയോറിസോഴ്സ് കം അഗ്രോ സര്‍വിസ് സെന്‍ററില്‍ ആനിമല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫീഡ് പ്ളാന്‍റ് ടെക്നോളജി കോഴ്സിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലബാറില്‍ ആരംഭിക്കുന്ന അഗ്രികള്‍ചറല്‍ പോളിടെക്നിക്കിന്‍െറയും കൂത്തുപറമ്പ് ബയോറിസോഴ്സ് കം അഗ്രോ സര്‍വിസ് സെന്‍റര്‍ കെട്ടിടത്തിന്‍െറയും ഉദ്ഘാടനം വള്ള്യായിയില്‍ ജനുവരി ഒമ്പതിന് കേന്ദ്രമന്ത്രി രാധാമോഹന്‍ നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. മൊകേരി ബി.ആര്‍.സി ഹാളില്‍ നടന്ന ചടങ്ങില്‍ സെന്‍ററിലെ ആദ്യ കോഴ്സായ അഗ്രോ പ്രൊസസിങ് ആന്‍ഡ് വാല്യൂ എഡിഷനില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ആദ്യ ബാച്ചിലെ 49 പേര്‍ക്കും തൊഴില്‍ ലഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളിലൂടെ സംസ്ഥാനത്തെ കാര്‍ഷികമേഖലക്ക് പുതിയ മുഖം പകരാനായതായി മന്ത്രി പറഞ്ഞു. പാനൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.പി. ചന്ദ്രന്‍ മാസ്റ്റര്‍, കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കരുവാങ്കണ്ടി ബാലന്‍, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. വിമല, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ബാലന്‍ മാസ്റ്റര്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.വി. രവീന്ദ്രന്‍, ഡോ. അനി എസ്. ദാസ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ചന്ദ്രന്‍ കോരമ്പത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.