ലക്ഷ്യം കണ്ണൂരിന്‍െറ സമഗ്രവികസനം –മേയര്‍

കണ്ണൂര്‍: അഴിമതി രഹിത ഭരണവും കണ്ണൂരിന്‍െറ സമഗ്രവികസനവുമാണ് ലക്ഷ്യമിടുന്നതെന്ന് മേയര്‍ ഇ.പി. ലത. രാഷ്ട്രീയ പക്ഷപാതിത്വമില്ലാത്ത വികസനമെന്നതാണ് പ്രഥമ പരിഗണനയെന്നും അവര്‍ പറഞ്ഞു. വികസന കാര്യത്തില്‍ നഗരസഭ തുടങ്ങിവെച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്നും രാഷ്ട്രീയം രാഷ്ട്രീയത്തിന്‍െറ വഴിക്ക് പോകുമെന്നും വികസന കാര്യത്തില്‍ ഒറ്റ മനസ്സാണെന്നും ഡെപ്യൂട്ടി മേയര്‍ സി. സമീര്‍. കണ്ണൂര്‍ പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. തെരഞ്ഞെടുപ്പിനു മുമ്പ് എല്‍.ഡി.എഫ് പൊതുജനങ്ങളില്‍നിന്ന് സ്വീകരിച്ച പരാതികളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സമഗ്രവികസന നയം നടപ്പാക്കുമെന്നും മേയര്‍ പറഞ്ഞു. കണ്ണൂരെന്നു കേള്‍ക്കുമ്പോഴുള്ള ഭീതി മാറ്റും. മാലിന്യമുക്ത ഗ്രീന്‍ കണ്ണൂരാണ് ലക്ഷ്യമിടുന്നത്. താഴെചൊവ്വ മുതല്‍ കാല്‍ടെക്സ് വരെയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പ്രഥമപരിഗണന നല്‍കും. കാര്‍ഷിക രംഗത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കണ്ണൂരിന്‍െറ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ കൊണ്ടുവരും. നികുതിചോര്‍ച്ച തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും. ഇക്കാര്യത്തിലെല്ലാം കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും മാധ്യമങ്ങളുടെയും പിന്തുണയും നിര്‍ദേശങ്ങളും വേണമെന്നും മേയര്‍ പറഞ്ഞു. കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനോടുള്ള നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിന്, ആരും വിമതനല്ളെന്നും 55 കൗണ്‍സിലര്‍മാരാണുള്ളതെന്നും എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു. കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തുകളിലെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ അതത് പ്രദേശത്തെ പഞ്ചായത്ത് ഒഫിസുകള്‍ സോണല്‍ ഓഫിസുകളായി പ്രവര്‍ത്തിക്കും. കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് വരേണ്ട ആവശ്യമില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ മാതൃകാപരമായ പല പദ്ധതികളും നടപ്പാക്കിയെന്നും വികസനത്തുടര്‍ച്ച വേണമെന്നും ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ പറഞ്ഞു. ഏഷ്യയിലെ തന്നെ മികച്ച സംരംഭമായ താവക്കര ബസ്സ്റ്റാന്‍ഡ്, ആധുനിക അറവുശാല, സിറ്റി-തായത്തെരു റോഡ് വികസനം എന്നിവയെല്ലാം പ്രശംസനീയമാണ്. 950 കോടിയുടെ റോഡ് വികസനം കൂടി വന്നാല്‍ കുരുക്കഴിക്കാനാവും. കാംബസാറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്, പഴയ ബസ്സ്റ്റാന്‍ഡില്‍ പി.പി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വികസന പ്രവൃത്തികള്‍ എന്നിവയെല്ലാം പൂര്‍ത്തീകരിച്ചാല്‍ മുഖച്ഛായ മാറും. പൊതുജനങ്ങള്‍ക്ക് നികുതിയടക്കാന്‍ ഇ-പേയ്മെന്‍റ് പോലുള്ള ആധുനിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുമെന്നും സമീര്‍ പറഞ്ഞു. ബി.ഒ.ടി, പി.പി.പി തുടങ്ങിയ വിഷയങ്ങളില്‍ ഇരുധ്രുവങ്ങളിലുള്ള മുന്നണികള്‍ തമ്മില്‍ എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോവുമെന്ന ചോദ്യത്തിന്, ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്നും ഇടതുമുന്നണി കാഴ്ചപ്പാടുമായി യോജിക്കുന്ന വിധത്തില്‍ നടപ്പാക്കുമെന്നുമായിരുന്നു മേയറുടെ മറുപടി. മേല്‍പറഞ്ഞ പ്രവൃത്തികള്‍ക്കെല്ലാം അംഗീകാരം ലഭിച്ചതാണെന്നും ബി.ഒ.ടിയോടും പി.പി.പിയോടും എതിര്‍പ്പില്ളെന്നും സമീര്‍ പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.