16 കസ്റ്റംസ് കൗണ്ടറുകളും 42 ചെക് ഇന്‍ കൗണ്ടറുകളും ഏര്‍പ്പെടുത്തും

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാരംഭ ഘട്ടത്തില്‍ 16 കസ്റ്റംസ് കൗണ്ടറുകളും 42 ചെക് ഇന്‍ കൗണ്ടറുകളും ഏര്‍പ്പെടുത്താന്‍ ധാരണ. വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ കസ്റ്റംസിന്‍െറയും സെന്‍ട്രല്‍ എക്സൈസിന്‍െറയും വിഭാഗം ആരംഭിക്കുന്നതിന്‍െറ പ്രാരംഭ നടപടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് കമീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍െറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. മറ്റു രാജ്യാന്തര വിമാനത്താവളങ്ങളിലുള്ള എല്ലാ സംവിധാനങ്ങളും ഇവിടെയും ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റംസ് അസിസ്റ്റന്‍റ് കമീഷണര്‍മാരായ എസ്. ദാമോദരന്‍, കെ. രൂപേഷ്, കണ്ണൂര്‍ ഡിവിഷന്‍ സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, പി.പി. രാജീവ്, എസ്. രാധേഷ്, ഇന്‍സ്പെക്ടര്‍മാരായ വി. പ്രകാശന്‍, എം.കെ. രാമചന്ദ്രന്‍, പി. സന്തോഷ് കുമാര്‍, ഹവില്‍ദാര്‍ പി. രവീന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. ആഗസ്റ്റ് മാസത്തോടെ തന്നെ കസ്റ്റംസ് കൗണ്ടറുകള്‍, ചെക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍ കൗണ്ടറുകള്‍ എന്നിവ സജ്ജമാകും. 8.34 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിലാണ് കസ്റ്റംസ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. യാത്ര പുറപ്പെടുന്നവരുടെ കസ്റ്റംസ് പരിശോധനക്കും തിരികെ എത്തുന്നവരുടെ പരിശോധനക്കും പ്രത്യേകം കേന്ദ്രങ്ങളുണ്ടാകും. 20 എമിഗ്രേഷന്‍ കൗണ്ടറുകള്‍, 42 ചെക് ഇന്‍ കൗണ്ടറുകള്‍ എന്നിവയും ടെര്‍മിനല്‍ കെട്ടിടത്തില്‍ സജ്ജീകരിക്കും. ഫൈ്ളഓവര്‍, റസ്റ്റാറന്‍റുകള്‍, ഡേ കെയര്‍ സെന്‍റര്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയും ടെര്‍മിനല്‍ കെട്ടിടത്തിലുണ്ടായിരിക്കും. 200 ടാക്സികളും 700 കാറുകളും 25 ബസുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും പദ്ധതി പ്രദേശത്ത് ഒരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.