പാപ്പിനിശ്ശേരിയില്‍ ബസ് നിയന്ത്രണംവിട്ടു

പാപ്പിനിശ്ശേരി: കണ്ണൂരില്‍ നിന്നും മാട്ടൂലിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കപ്പാലം തകര്‍ത്ത് വയലിലേക്കിറങ്ങി. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. പാപ്പിനിശ്ശേരി മേല്‍പാലം പ്രവൃത്തിയുടെ ഭാഗമായി കോലത്തുവയല്‍ ഇരിണാവ് ഗേറ്റ് വഴിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. നിറയെ യാത്രക്കാരുമായി മാട്ടൂലിലേക്ക് പോകുന്ന ‘സൈനബ്’ ബസാണ് നിയന്ത്രണം വിട്ടത്. യാത്രക്കാര്‍ ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനങ്ങള്‍ അമിതവേഗതിയിലാണ് ഇതുവഴി പോകുന്നത്. നാട്ടുകാര്‍ ‘അപകട മേഖല’ എന്ന് എഴുതിവെച്ചെങ്കിലും ആരുംതന്നെ ഗൗനിക്കാറില്ല. പഴയങ്ങാടി, മാട്ടൂല്‍, മടക്കര, ചെറുകുന്ന്, പയ്യന്നൂര്‍ എന്നീ ഭാഗങ്ങളിലേക്കുള്ള എല്ലാ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. അമിത വേഗത്തില്‍ വന്ന ബസ് വളവിലുള്ള കപ്പാലം തകര്‍ത്താണ് വയലിലേക്ക് ഇറങ്ങിയത്. യാത്രക്കാരുടെ കൂട്ടക്കരച്ചിലും ബഹളവും കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. കണ്ണപുരം പൊലീസും സ്ഥലത്തത്തെി. വളപട്ടണം ഖലാസിമാരുടെ സഹായത്താല്‍ ബസ് കരക്കുകയറ്റി.വളവിലുള്ള കപ്പാലത്തില്‍ വൈകീട്ട് ജനങ്ങള്‍ ഇരിക്കല്‍ പതിവായിരുന്നു. എന്നാല്‍, ഈ സമയം ചെറിയ ചാറ്റല്‍ മഴ കാരണം ആരും ഇല്ലാത്തത് മറ്റൊരു ദുരന്തം ഒഴിവാക്കി. കഴിഞ്ഞ ദിവസം ഈ റോഡില്‍ ഇരുചക്ര വാഹന യാത്രക്കാരനെ മറ്റൊരു വാഹനം തട്ടിത്തെറിപ്പിച്ച് നിര്‍ത്താതെ പോയെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. ഇത്തരം അപകടങ്ങള്‍ പതിവായ ഈ പ്രദേശത്ത് നാട്ടുകാര്‍ ഭയപ്പാടോടെയാണ് യാത്ര ചെയ്യുന്നത്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാത്തതില്‍ ജനങ്ങള്‍ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.