സജി ഓതറയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നടുവില്‍: എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് മത്സരിച്ച ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്‍റായ കോണ്‍ഗ്രസ് ഐ ഗ്രൂപ് അംഗം സജി ഓതറയെ കോണ്‍ഗ്രസിന്‍െറ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പറഞ്ഞു. പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാല്‍ കൂറുമാറ്റ നിരോധ നിയമപ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കും മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള വിപ്പ് നല്‍കിയിരുന്നുവത്രെ. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമാണ് പ്രസിഡന്‍റിനെ തീരുമാനിച്ചതെന്നും ഇവിടെ സജി സ്വയം പേര് പറഞ്ഞെങ്കിലും ആരും അതിനെ പിന്താങ്ങിയില്ളെന്നും മണ്ഡലം പ്രസിഡന്‍റ് ടി.വി. ജോണ്‍ പറഞ്ഞു. എന്നാല്‍, തനിക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷമാണ് വിപ്പ് ലഭിച്ചതെന്നാണ് സജി ഓതറ പറയുന്നത്. 33 വര്‍ഷം പാര്‍ട്ടിയിലും ഒരു തവണ പഞ്ചായത്ത് മെംബറുമായ തന്നെ തടഞ്ഞാണ് കന്നിയങ്കത്തില്‍ വിജയിച്ച പി.ജെ. മാത്യുവിനെ അധ്യാപക ജോലിയില്‍ നിന്ന് അവധിയെടുപ്പിച്ച് പ്രസിഡന്‍റാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കെ.പി.സി.സിയുടെ മാനദണ്ഡത്തിന് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടിയിട്ടും മാറ്റാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫ് പിന്തുണ സ്വീകരിച്ചതെന്നാണ് സജി ഓതറയുടെ വിശദീകരണം. എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പിന്തുണ നല്‍കിയതെന്നും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പിന്തുണക്കാത്തത് കാര്യമാക്കുന്നില്ളെന്നും എല്‍.ഡി.എഫ് പഞ്ചായത്ത് സെക്രട്ടറി പി. രവീന്ദ്രന്‍ പറഞ്ഞു. നടപടി നേരിട്ട് പുറത്തായാലും സജി ഓതറെയ എല്‍.ഡി.എഫ് കൂടെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, സജി ഓതറക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചപ്പാരപ്പടവിലും തളിപ്പിലുമടക്കം യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.