ജില്ലയിലെ ഏക പട്ടികവര്‍ഗ പഞ്ചായത്ത് പ്രസിഡന്‍റായി ബിന്ദു ബാലന്‍ ഇന്ന് ചുമതലയേല്‍ക്കും

നടുവില്‍: ജില്ലയിലെ ഏക പട്ടികവര്‍ഗ വനിതാ പ്രസിഡന്‍റായി ബിന്ദു ബാലന്‍ നടുവില്‍ ഗ്രാമപഞ്ചായത്തില്‍നിന്നും ഇന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. പഞ്ചായത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പട്ടികവര്‍ഗ വനിത ബിന്ദു ബാലനായതിനാലാണ് ഇവര്‍ക്ക് എതിരില്ലാത്തത്. പഞ്ചായത്തില്‍ പട്ടികവര്‍ഗ പ്രമോട്ടറായിരുന്ന ബിന്ദു ബാലന്‍ ഇത് രാജിവെച്ചാണ് പുലിക്കുരുമ്പ വാര്‍ഡില്‍ യു.ഡി.എഫ് നോമിനിയായി മത്സരത്തിനിറങ്ങിയത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് സംസ്ഥാനത്ത് മൊത്തം എട്ട് സീറ്റുകളാണ് പട്ടികവര്‍ഗ വനിതാ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളത്. നടുവിലിനു പുറമെ കാസര്‍കോട് ജില്ലയിലെ ബളാല്‍, കോഴിക്കോട്ടെ വാണിമേല്‍, വയനാട് ജില്ലയിലെ വെള്ളമുണ്ട, എടവക, മുള്ളന്‍കൊല്ലി, പാലക്കാട്ടെ നെല്ലിയാമ്പതി, ഇടുക്കിയിലെ അടിമാലി എന്നീ പഞ്ചായത്തുകളിലാണ് പട്ടികവര്‍ഗ വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്. ഇതിനുപുറമെ പട്ടികവര്‍ഗ ജനറല്‍ വിഭാഗത്തിനും എട്ട് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍, കണ്ണൂര്‍ ഉള്‍പ്പെടെ പല ജില്ലകളും ഇതില്‍ ഉള്‍പ്പെടുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ പട്ടികജാതി വനിതാ വിഭാഗത്തിന് നാറാത്ത് പഞ്ചായത്തിലും പട്ടികജാതി ജനറല്‍ വിഭാഗത്തിന് ചിറക്കല്‍ പഞ്ചായത്തിലുമാണ് പ്രസിഡന്‍റ് സ്ഥാനം സംവരണം ചെയ്തിട്ടുള്ളത്. പട്ടികജാതി/പട്ടികവര്‍ഗത്തിന്‍െറ രണ്ടംഗം ഉള്‍പ്പെടെ ജില്ലയില്‍ 36 വനിതകളെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സംവരണം ചെയ്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.