കണ്ണൂര്‍ കോര്‍പറേഷന്‍: ഓരോ നിമിഷവും നാടകീയത

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലേക്കുള്ള ഫലമെണ്ണിത്തുടങ്ങിയപ്പോള്‍ ആരംഭിച്ച ഞെട്ടലും ആശ്ചര്യവും ഇന്നലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിലും പ്രകടമായി. കോര്‍പറേഷന്‍െറ കാര്യത്തില്‍ ഇനിയും നാടകീയ സംഭവങ്ങള്‍ക്കാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. പ്രഥമ മേയര്‍, ഭരണം എല്‍.ഡി.എഫിനാണെങ്കിലും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാമെന്ന ധൈര്യം മുന്നണിക്കില്ല. സഭ ചേരുമ്പോള്‍ മുതല്‍ ഓരോ തീരുമാനവും നടപ്പാക്കാന്‍ വരെ ഓരോ വോട്ടും നിര്‍ണായകമാകും. പി.കെ. രാഗേഷ് ആരോടൊപ്പമെന്നതില്‍ തീരുമാനമാകാതെയാണ് മേയര്‍ തെരഞ്ഞെടുപ്പിന്‍െറ തലേദിവസം അവസാനിച്ചത്. കോണ്‍ഗ്രസ് ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ആര്‍ക്ക് പിന്തുണയെന്ന് രാഗേഷ് ഉറപ്പിച്ചുപറയാതിരിക്കുകയും ചെയ്തതോടെ ഇന്നലെ രാവിലെ മുതല്‍ രാഗേഷിന്‍െറ വീടിനു മുന്നില്‍ കാത്തുകെട്ടിക്കിടക്കുകയായിരുന്നു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും. ഒടുവില്‍ 9.30ഓടെ രാഗേഷ് മാധ്യമങ്ങള്‍ക്കു മുന്നിലത്തെി. സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നേതൃത്വം തയാറാകാതിരുന്നതിനെ രാഗേഷ് വിമര്‍ശിച്ചു. തന്‍െറ ഒരു ആവശ്യവും അംഗീകരിച്ചില്ളെന്നും എങ്കില്‍ക്കൂടി സുമാ ബാലകൃഷ്ണനെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റിയാല്‍ പിന്തുണ നല്‍കുമെന്നും അല്ളെങ്കില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുമെന്നും രാഗേഷ് പറഞ്ഞു. പത്തുമണിയോടെ രാഗേഷ് ചാലാട് അമ്പലത്തില്‍ ദര്‍ശനം നടത്തുകയും സി.പി.എം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് സജീറിന്‍െറ മണ്ഡപത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്ന് പയ്യാമ്പലത്ത് പിതാവിന്‍െറ സ്മൃതി കുടീരത്തിലത്തെിയതിനു ശേഷമാണ് രാഗേഷ് കൗണ്‍സില്‍ ഹാളിലത്തെിയത്. പത്തു മണിയോടെ തന്നെ കൗണ്‍സിലര്‍മാര്‍ മുഴുവന്‍ ഹാളില്‍ എത്തിയിരുന്നു. അവസാനമായാണ് രാഗേഷ് എത്തിയത്. 11 മണിയോടെ കലക്ടറത്തെി. തെരഞ്ഞെടുപ്പ് രീതികള്‍ വിശദീകരിച്ച ശേഷം നടപടികള്‍ തുടങ്ങി. യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥിയെ അവസാന നിമിഷം മാറ്റുമെന്നും അമൃത രാമകൃഷ്ണന്‍ സ്ഥാനാര്‍ഥിയാകുമെന്നും വാര്‍ത്ത പരന്നു. എന്നാല്‍, യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥിയായി സുമാ ബാലകൃഷ്ണനെ സി. സമീര്‍ നിര്‍ദേശിച്ചതോടെ കോണ്‍ഗ്രസില്‍ വിട്ടുവീഴ്ചകളുണ്ടായില്ളെന്ന് വ്യക്തമായി. ഇതോടെ തെരഞ്ഞെടുപ്പില്‍ രാഗേഷ് വോട്ടുചെയ്യുമോ എന്നുള്ളതായി അടുത്ത ചര്‍ച്ചകള്‍. പള്ളിയാംമൂലയില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെമിനിയാണ് ആദ്യം വോട്ടു ചെയ്തത്. തുടര്‍ന്ന് ഓരോരുത്തരായി വോട്ട് രേഖപ്പെടുത്തി. അവസാന വോട്ടറായിരുന്നു രാഗേഷ്. വോട്ട് രേഖപ്പെടുത്തിയ ഉടന്‍ കലക്ടറുടെ അനുമതിയോടെ 11.54ന് രാഗേഷ് ഹാള്‍ വിട്ടുപോയി. വോട്ടിങ് പൂര്‍ത്തിയായതോടെ എണ്ണല്‍ ആരംഭിച്ചു. ഓപണ്‍ വോട്ടായതിനാല്‍ ഓരോ കൗണ്‍സിലറും ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. രാഗേഷ് പിന്തുണച്ചത് ഇ.പി. ലതയെയാണെന്ന് വ്യക്തമായതോടെ കൗണ്‍സില്‍ ഹാളില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവേശഭരിതരായി. എന്നാല്‍, അസാധു വോട്ട് ഉണ്ടാകുമോ എന്ന ആശങ്ക പിന്നെയും ബാക്കിയായി. എല്‍.ഡി.എഫ് നടത്തിയ മോക് പോളിങ്ങില്‍ രണ്ട് വോട്ടുകള്‍ അസാധുവായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഈ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ആരുടെയും വോട്ട് അസാധുവായില്ല. വരണാധികാരിയുടെ പ്രഖ്യാപനം പൂര്‍ത്തിയാകും മുമ്പു തന്നെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും മേയറെ വട്ടമിട്ട് ആഘോഷിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ ആരവങ്ങള്‍ക്കൊപ്പം സത്യപ്രതിജ്ഞക്കായി ഇ.പി. ലത കോമ്പൗണ്ടിലെ പ്രത്യേകം തയാറാക്കിയ പന്തലിലേക്ക്. മേയര്‍ തെരഞ്ഞെടുപ്പിന്‍െറ പിരിമുറുക്കം കൂടുതല്‍ എല്‍.ഡി.എഫിനായിരുന്നുവെങ്കിലും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ലീഗിനായിരുന്നു നെഞ്ചിടിപ്പ്. മേയര്‍ സ്ഥാനം നഷ്ടപ്പെട്ടതോടെ പാതി ചത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. രണ്ടു മണിയായിട്ടും രാഗേഷ് എത്താതിരുന്നതോടെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് രാഗേഷ് മത്സരിക്കുന്നില്ളെന്നും തെരഞ്ഞെടുപ്പില്‍നിന്നും വിട്ടുനില്‍ക്കുന്നുവെന്നും വിവരമത്തെി. ഇതോടെ ഫലം നറുക്കെടുപ്പായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എല്‍.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി വെള്ളോറ രാജനും യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി സി. സമീറുമായിരുന്നു. നറുക്കെടുപ്പിന് സ്ഥാനാര്‍ഥികളുടെ പേരുകള്‍ കലക്ടര്‍ എഴുതിയിട്ടത് കുഞ്ഞു കുടുക്കയിലായിരുന്നു. കൈകടത്താന്‍ പോലുമാകാത്ത കുടുക്കയില്‍ ഇട്ട് നറുക്കെടുക്കുന്നത് ശരിയാകില്ളെന്ന് ടി.ഒ. മോഹനന്‍ അറിയിച്ചതോടെ വലിയ പാത്രം അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ പാഞ്ഞു. അഞ്ചുമിനിറ്റിനു ശേഷം വലിയ തൂക്കുപാത്രം എത്തിച്ചാണ് നറുക്കെടുത്തത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി സി. സമീറിന്‍െറ പേര് പ്രഖ്യാപിച്ചതോടെ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണം കിട്ടിയ സന്തോഷത്തോടെ സമീറിനെ എടുത്തുയര്‍ത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.