ശബരിമല തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിപാലന കേന്ദ്രം നാളെ തുടങ്ങും

കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള സാന്ത്വന പരിചരണ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ആരോഗ്യ പരിപാലന കേന്ദ്രം നാളെ ബക്കളത്ത് പ്രവര്‍ത്തനമാരംഭിക്കും. സി.പി.എം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇനിഷ്യേറ്റിവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ (ഐ.ആര്‍.പി.സി) ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച കേന്ദ്രം അയ്യപ്പ സേവാസംഘം സംസ്ഥാന പ്രസിഡന്‍റ് കൊയ്യം ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിക്കും. ഐ.ആര്‍.പി.സി ചെയര്‍മാന്‍ കൂടിയായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഐ.ആര്‍.പി.സി രേഖ പ്രകാശനം ചെയ്യും. സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശബരിമല തീര്‍ഥാടകര്‍ക്കുള്ള സൗജന്യ ആരോഗ്യ പരിപാലന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. വിശ്വാസികളെ സംഘ്പരിവാര്‍ സംഘടനകള്‍ സ്വാധീനിക്കുന്നത് തടയിടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങും. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ലഘുഭക്ഷണവും നല്‍കുന്നതിനൊപ്പം അലോപ്പതി, ആയുര്‍വേദം, ഹോമിയോ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. സഹായത്തിന് ഹെല്‍പ് ഡെസ്ക് സംവിധാനവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.