മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങാന്‍ ഇനി 46 ദിവസം മാത്രം അവശേഷിക്കേ റണ്‍വേ വികസനത്തിനുള്ള സ്്ഥലം ഉടന്‍ ഏറ്റെടുക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള ബോയിങ് 777, ആര്‍വേസ് 35 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്നു 3400 മീറ്ററാക്കാനാണ് നാലാംഘട്ടത്തില്‍ കാനാട് മേഖലയില്‍ ഉടന്‍ സ്ഥലമേറ്റെടുക്കുന്നത്. തെക്കു പടിഞ്ഞാറു ഭാഗമായ കാനാട് ഭാഗത്തും വടക്കു കിഴക്കുഭാഗമായ കല്ളേരിക്കരയിലുമാണ് ഇതിനായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും കല്ളേരിക്കരയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ കുടിയിറക്കു വിരുദ്ധ കര്‍മസമിതി സമരരംഗത്തായതിനാല്‍ ഇവിടെ ലൈറ്റ് അപ്രോച്ചിനായി 10.6 ഏക്കര്‍ സ്ഥലം മാത്രം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അവശേഷിക്കുന്ന 64.4 ഏക്കര്‍ സ്ഥലമാണ് കാനാട് ഏറ്റെടുക്കുന്നത്. നിലവില്‍ 3050 മീറ്റര്‍ റണ്‍വേയുടെ ഇരുഭാഗത്തും ഒരു മീറ്റര്‍ സ്ഥലംപോലും അവശേഷിക്കുന്നില്ളെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ ജി. ചന്ദ്രമൗലി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് റണ്‍വേ 3050 മീറ്ററില്‍ നിന്നു 3400 മീറ്ററാക്കാന്‍ കാനാട് മേഖലയില്‍ സ്ഥലം ഏറ്റെടുക്കുന്നത്. നിലവിലെ റണ്‍വേ സൗകര്യത്തില്‍ ദുബൈ, അബൂദബി, ഷാര്‍ജ, മസ്കത്ത് തുടങ്ങിയ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വിമാനങ്ങളാണ് ഇറങ്ങാന്‍ സാധിക്കുക. ഭാവി വികസനം മുന്നില്‍ക്കണ്ടാണ് റണ്‍വേ വികസിപ്പിച്ച് 3050 മീറ്ററില്‍ നിന്നു 3400 മീറ്ററാക്കുന്നത്. നിലവില്‍ ഏറ്റെടുത്ത ഭൂമിയില്‍ ഏറ്റവും കൂടുതല്‍ നീളത്തില്‍ റണ്‍വേ ലഭിക്കുന്ന തരത്തിലാണ് പ്ളാന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റണ്‍വേ തെക്കുവടക്കായിരുന്നുവെങ്കിലും കിഴക്കുപടിഞ്ഞാറായിരുന്നുവെങ്കിലും നീളം കുറയുന്ന സാഹചര്യത്തിലാണ് ഏറ്റവും കൂടുതല്‍ നീളം കിട്ടുന്ന വിധത്തില്‍ 20 ഡിഗ്രി ചെരിച്ച് റണ്‍വേ നിജപ്പെടുത്തിയത്. പ്രകൃതി സൗന്ദര്യം ഏറെയുള്ള കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോയിങ് 777, ആര്‍വേസ് 35 പോലുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്നതോടെ ടെര്‍മിനല്‍ ബില്‍ഡിങ്ങുകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും വര്‍ധിക്കുമെന്നും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.