ലീഗ് യു.ഡി.എഫ് വിട്ടു; പാര്‍ട്ടി അംഗം യു.ഡി.എഫ് സ്വീകരണത്തില്‍

ആലക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിനെ തുടര്‍ന്ന് ആലക്കോട് യു.ഡി.എഫില്‍നിന്നും പുറത്തുപോയ മുസ്ലിംലീഗിന്‍െറ പഞ്ചായത്തിലെ ഏകപ്രതിനിധി യു.ഡി.എഫ് ആലക്കോട് നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്തു. ആലക്കോട് പഞ്ചായത്തിലെ മൂന്നാംകുന്ന് വാര്‍ഡില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജയിച്ച പി.സി. ആയിഷയാണ് ആലക്കോട് ടൗണില്‍ യു.ഡി.എഫ് സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്തത്. ആയിഷ ഉള്‍പ്പെടെയുള്ള യു.ഡി.എഫിലെ 16 അംഗങ്ങളും ജില്ലാ പഞ്ചായത്ത് നടുവില്‍ ഡിവിഷനില്‍നിന്നും വിജയിച്ച കേരള കോണ്‍ഗ്രസ് എയിലെ ജോയി കൊന്നക്കലും പരിപാടിയില്‍ സംബന്ധിച്ചിരുന്നു. മൂന്നാംകുന്ന്, പരപ്പ, നെടുവോട് എന്നീ വാര്‍ഡുകളിലാണ് മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ഇതില്‍ മൂന്നാംകുന്നിലൊഴികെ മറ്റ് രണ്ടു വാര്‍ഡുകളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസുകാര്‍ കാലുവാരിയെന്നാരോപിച്ച് ലീഗ് മുന്നണിവിട്ടത്. ആലക്കോട് പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ വര്‍ഗീസ് പയമ്പള്ളിക്ക് രേഖാമൂലം കത്ത് നല്‍കുകയും ചെയ്തിരുന്നു. പഞ്ചായത്തില്‍ 13 സീറ്റുകളുള്ള കോണ്‍ഗ്രസിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ള നിലക്ക് മുസ്ലിംലീഗിന്‍െറ തീരുമാനം ഒരു ചലനവും സൃഷ്ടിക്കുകയില്ല. ആലക്കോട് പഞ്ചായത്തില്‍ നടന്ന സത്യപ്രതിജ്ഞക്ക് ശേഷം യു.ഡി.എഫ് അംഗങ്ങളെ കൂട്ടി അരങ്ങത്തുനിന്നും പ്രകടനമായിട്ടാണ് ആലക്കോട് ടൗണിലെ സ്വീകരണത്തിലേക്ക് യു.ഡി.എഫുകാര്‍ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.