പൊന്ന്യത്ത് ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു

തലശ്ശേരി: കതിരൂര്‍ പൊന്ന്യം നാമത്തുമുക്കിലെ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു. ഉഗ്ര സ്ഫോടന ശേഷിയുള്ളതും അടുത്ത കാലത്ത് നിര്‍മിച്ചതുമായ രണ്ട് സ്റ്റീല്‍ ബോംബ്, ഒരു സോഡാകുപ്പി ബോംബ്, രണ്ട് മഴു, ഒരു കൊടുവാള്‍ എന്നിവയാണ് കണ്ടെടുത്തത്. ബുധനാഴ്ച രാവിലെ 8.40ഓടെ പറമ്പില്‍ പണിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് ആയുധങ്ങള്‍ കണ്ടത്. ഉടന്‍ കതിരൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തത്തെി ഇവ സ്റ്റേഷനിലേക്ക് മാറ്റി. പ്രശ്നബാധിത പ്രദേശങ്ങളെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് കര്‍ശനമാക്കി. ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് തിങ്കളാഴ്ച ധര്‍മടത്ത് മത്സ്യത്തൊഴിലാളിയായ സജീവന്‍ മരിച്ചത്. നിരപരാധികള്‍ ഇരയാക്കപ്പെടുന്ന സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് സമീപകാലത്ത് നിര്‍മിച്ച ബോംബ് കണ്ടെടുത്തതിലൂടെ വ്യക്തമാകുന്നത്. റെയ്ഡുകള്‍ തുടരുന്നതോടൊപ്പം കര്‍ശന നടപടി എടുക്കാനും അധികൃതര്‍ തയാറാവണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.