കോട്ടച്ചേരി മേല്‍പാലത്തിന് പച്ചക്കൊടി

കാഞ്ഞങ്ങാട്: നിര്‍ദിഷ്ട കോട്ടച്ചേരി റെയില്‍വേ മേല്‍പാല നിര്‍മാണത്തിന് തടസ്സമായി ഹൈകോടതിയില്‍ ശേഷിച്ച ഒടുവിലത്തെ കേസും തള്ളി. മേല്‍പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സ്ഥലമുടമകളിലൊരാളായ ഹോസ്ദുര്‍ഗ് ആവിയില്‍ എ. മുഹമ്മദ് കുഞ്ഞി ഫയല്‍ ചെയ്ത ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച തള്ളിയത്. ഭൂമി ഏറെടുക്കല്‍ നിയമത്തിലെ നാല്-എ വകുപ്പ് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ച് ഒരുവര്‍ഷത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥ റവന്യൂ അധികൃതര്‍ പാലിച്ചില്ളെന്നും അര്‍ഹമായ നഷ്ട പരിഹാരം ലഭിച്ചില്ളെന്നും കാണിച്ചാണ് മുഹമ്മദ് കുഞ്ഞി കോടതിയെ സമീപിച്ചത്. ഒരുമാസം മുമ്പ് കേസിന്‍െറ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. ഹരജിക്കാരന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുമെന്നും അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. 15 വര്‍ഷം മുമ്പാണ് കോട്ടച്ചേരി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ 274ാം നമ്പര്‍ ലെവല്‍ ക്രോസിന് സമാന്തരമായി മേല്‍പാലം പണിയാന്‍ റെയില്‍വേ പദ്ധതി തയാറാക്കിയത്. ഇതിനായി റെയില്‍വേ ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, സ്ഥലമുടമകള്‍ കോടതിയെ സമീപിച്ചത് പദ്ധതിക്ക് തടസ്സമായി. പാലത്തിന്‍െറ രൂപരേഖയില്‍ മാറ്റം വരുത്തിയതും പരാതികള്‍ക്കിടയാക്കി. മറ്റു രണ്ട് വ്യക്തികള്‍ നല്‍കിയ ഹരജികള്‍ നേരത്തേ ഹൈകോടതി തീര്‍പ്പാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.