കണ്ണൂര്‍: കണ്ണൂരിലെ എസ്.എന്‍ കോളജ് എസ്.എന്‍ ട്രസ്റ്റില്‍ നിന്നും മോചിപ്പിച്ച് തീയ സമുദായ സംഘടനകള്‍ക്ക് വിട്ടുനല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ തീയ മഹാസഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്‍റ് എന്‍.കെ. കൃഷ്ണന്‍ പറഞ്ഞു. മലബാര്‍ തീയ മഹസഭ ജനറല്‍ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീയ സമുദായത്തില്‍പെട്ടവരുടെ പ്രയത്നഫലമായാണ് കണ്ണൂര്‍ എസ്.എന്‍ കോളജ് സ്ഥാപിതമായത്. എന്നാല്‍, അന്ന് തീയര്‍ക്ക് പ്രത്യേക സംഘടനയില്ലാത്തതിനാലാണ് എസ്.എന്‍ ട്രസ്റ്റ് കോളജ് കൈയടക്കിയത്. ഇന്ന് എസ്.എന്‍ ട്രസ്റ്റ് ഭാരവാഹികളായ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും കോളജിനെ സ്വന്തം അക്കൗണ്ടിലേക്കുള്ള വരുമാന സ്രോതസ്സാക്കി മാറ്റിയിരിക്കുകയാണ്. തീയ സമുദായത്തില്‍പെട്ടവരുടെ മക്കള്‍ക്കുപോലും എസ്.എന്‍ കോളജില്‍ തലവരിപ്പണം ഈടാക്കി മാത്രമാണ് അഡ്മിഷന്‍ അനുവദിക്കുന്നത്. ഇതിനെതിരെ മലബാര്‍ തീയ മഹാസഭ നേരത്തെ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു -അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സജീവ് മാറോളി മലബാര്‍ തീയ മഹാസഭയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. മലബാര്‍ തീയ മഹാസഭ ജനറല്‍ സെക്രട്ടറി കെ.പി. കുമാരന്‍, ഡോ. പി. മനോഹരന്‍, പുഷ്പജന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു. മലബാറിലെ കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനികരുടെ വേതനം അയ്യായിരം രൂപയായി വര്‍ധിപ്പിക്കുക, വിധവകള്‍ക്ക് സഹായം അനുവദിക്കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് പാടില്ല തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള അവകാശപത്രിക സംസ്ഥാന സര്‍ക്കാറിന് കൈമാറാനും യോഗം തീരുമാനിച്ചു. എം.കെ. പ്രശാന്ത് സ്വാഗതവും കാരായി ദിവാകരന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.