നടപടി മന്ദഗതിയില്‍; നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ചു

കേളകം: കൊട്ടിയൂര്‍ -വയനാട് റൂട്ടില്‍ ചുരം രഹിത പാതയായ നിര്‍ദിഷ്ട അമ്പായത്തോട് -44ാം മൈല്‍- തലപ്പുഴ വിമാനത്താവളം റോഡിനായുള്ള നടപടികള്‍ മന്ദഗതിയിലായി. ഇതോടെ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തത്തെി. പാത യാഥാര്‍ഥ്യമാക്കുന്നതിനായി വയനാട് -കണ്ണൂര്‍ ജില്ലകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മലയോര വികസന ജനകീയ സമിതികള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു. ഇതിന് പുറമെ പാത യാഥാര്‍ഥ്യമാക്കുന്നതിനായി ശനിയാഴ്ച കേളകത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റി രൂപവത്കരിച്ചു. പേരാവൂര്‍ ബ്ളോക് പഞ്ചായത്ത്, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകള്‍ റോഡ് യാഥാര്‍ഥ്യമാക്കുന്നതിനായി പ്രമേയങ്ങള്‍ പാസാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. അപകടങ്ങളും അപകട മരണങ്ങളും തുടര്‍ക്കഥയായ കൊട്ടിയൂര്‍ -വയനാട് ബോയ്സ് ടൗണ്‍ റോഡിന് പകരമായി അമ്പായത്തോട് -തലപ്പുഴ -44ാം മൈല്‍ റോഡ് സര്‍ക്കാര്‍ പരിഗണിച്ച് 2009ല്‍ 14 കോടി അനുവദിച്ചിരുന്നു. പി. കെ. ശ്രീമതി ടീച്ചര്‍ എം.പി, അഡ്വ. സണ്ണി ജേസഫ് എം.എല്‍.എ തുടങ്ങിയവര്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് മെംബര്‍ സണ്ണി മേച്ചേരി ചെയര്‍മാനും പേരാവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. പ്രസന്ന കണ്‍വീനറും കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ വൈസ് ചെയര്‍മാന്‍മാരുമായുള്ള അംഗങ്ങളുമായാണ് 25 അംഗ കമ്മിറ്റി രൂപവത്കരിച്ചത്. കേളകത്ത് നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ സണ്ണി മേച്ചേരി അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഇന്ദിര ശ്രീധരന്‍, സെലിന്‍മാണി, ബ്ളോക്, ഗ്രാമ പഞ്ചായത്ത് മെംബര്‍മാര്‍, വ്യാപാരി നേതാക്കളായ പൗലോസ് കൊല്ലുവേലില്‍, പി.എ. ദേവസ്യ, ലിജോ. പി. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. പാതയുടെ സാക്ഷാത്കാരം ലക്ഷ്യമിട്ട് മുമ്പ് ഇരുജില്ലകളിലെ വികസനസമിതികള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്ത്- കൊട്ടിയൂര്‍ പഞ്ചായത്ത് പരിധിയിലൂടെയുള്ള പാതയുടെ ഒന്നര കിലോമീറ്റര്‍ഭാഗം കടന്ന് പോകുന്നത് കൊട്ടിയൂര്‍ വനത്തിലൂടെയാണ്.മാവോവാദി ഭീഷണിയുള്ള പ്രദേശങ്ങളില്‍ വനപാതകള്‍ക്ക് അനുമതി നല്‍കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയം നിബന്ധനകള്‍ ഉദാരമാക്കിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി പി.എം.ജി. സ്കീമില്‍ ഉള്‍പ്പെടുത്തി പാത നടപ്പാക്കുന്നതിനും സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തുരുമാനിച്ചു. ഇതിനായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിനും വനം പരിസ്ഥിതി അനുമതി നേടുന്നതിനും ശ്രമം ഊര്‍ജിതമാക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.