കണ്ണൂര്‍: കണ്ണൂര്‍-തലശ്ശേരി റൂട്ടില്‍ കഴിഞ്ഞ നാലു ദിവസമായി തുടര്‍ന്ന സ്വകാര്യ ബസ് സമരം അവസാനിച്ചു. ശനിയാഴ്ച മിക്ക ബസുകളും സര്‍വിസ് നടത്തി. ഒരു വിഭാഗം ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ ആരംഭിച്ച സമരത്തിനെതിരെ സംഘടനകളും അധികൃതരും നിലകൊണ്ടതോടെയാണ് സമരത്തില്‍ നിന്ന് തൊഴിലാളികള്‍ പിന്‍വാങ്ങിയത്. പറശ്ശിനിക്കടവ് -തലശ്ശേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ ക്ളീനര്‍ ദിനേശ്ബാബുവിനെ തോട്ടട പോളി ടെക്നിക്കിലെ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞ് ആക്രമിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. അവശ്യ സര്‍വിസ് എന്ന നിലയില്‍ നിന്നും ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത് നേരത്തേ തന്നെ വിലക്കിയിരുന്നതാണ്. എന്നാല്‍, തൊഴിലാളി സംഘടനകളുടെയും എതിര്‍പ്പ് മറികടന്ന് ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലേര്‍പ്പെടുകയായിരുന്നു. പണി മുടക്കില്‍ പങ്കെടുക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയ അധികൃതര്‍ പത്തു ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ക്ളീനറെ മര്‍ദിച്ച പ്രതികളെ പത്തു ദിവസത്തിനുള്ളില്‍ പിടികൂടുമെന്ന് ഉറപ്പു നല്‍കിയോടെ തൊഴിലാളികള്‍ സര്‍വിസ് ആരംഭിക്കാന്‍ സമ്മതിക്കുകയായിരുന്നു. ബസ് തൊഴിലാളികള്‍ക്കു നേരെയുള്ള അക്രമം അവസാനിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അധികൃതര്‍ നടപടിയെടുക്കണമെന്നും ഇതിനായി ഉന്നതതല യോഗം വിളിക്കണമെന്നും സ്വകാര്യ ബസ് തൊഴിലാളി യൂനിയന്‍ സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.