പരിയാരം മെഡിക്കല്‍ കോളജ്: ഇന്നത്തെ മന്ത്രിസഭാ യോഗം നിര്‍ണായകം

പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഭരണം പുതിയ ഭരണസമിതിക്ക് കൈമാറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനം നിര്‍ണായകം. ഈമാസം 20നാണ് ഭരണസമിതി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, യു.ഡി.എഫില്‍ ആരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ സി.പി.എം പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം.വി. ജയരാജന്‍ തന്നെ നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി അധികാരമേറ്റെടുക്കാന്‍ തയാറായിനില്‍ക്കേ, സര്‍ക്കാര്‍ വാക്കുപാലിക്കുമോ എന്നാണ് പൊതുജനം ഉറ്റുനോക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റവും ഒടുവില്‍ പറഞ്ഞിരുന്നത്. ഉടന്‍ നടപ്പായില്ളെങ്കില്‍ പുതുതായി അധികാരത്തിലത്തെിയ ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ട് മാത്രമേ സ്ഥാപനം ഏറ്റെടുക്കാനാവൂ. ഇത് നിയമയുദ്ധത്തിലേക്ക് നീളാന്‍ കാരണമാവും. മാത്രമല്ല, സഹകരണ ജനാധിപത്യം തകര്‍ത്തുവെന്ന ആരോപണത്തിനും ഇടയാക്കും. ഇതൊഴിവാക്കാനാണ് 20ന് മുമ്പ് ഏറ്റെടുക്കണമെന്ന വാദം ശക്തിപ്പെടുന്നത്.അതിനിടെ, ധനവകുപ്പ് പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ കൈമാറിയില്ളെന്നാണ് വിവരം. അതിനാല്‍, ഏറ്റെടുക്കല്‍ തീരുമാനം നീളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കഴിഞ്ഞ ഫെബ്രുവരി 26ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും തീരുമാനം നടപ്പായില്ല. ഇതിനുശേഷം മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിക്കുകയും സമിതി വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സഹകരണ, ധനകാര്യ, ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതില്‍ സഹകരണ വകുപ്പും ആരോഗ്യവകുപ്പും നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ധനവകുപ്പിന്‍െറ റിപ്പോര്‍ട്ടുകൂടി ലഭിച്ചാല്‍ മാത്രമേ ഏറ്റെടുക്കല്‍ സംബന്ധിച്ച് തീരുമാനിക്കാനാവൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.അതേസമയം, പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലാക്കാത്തപക്ഷം സി.പി.എമ്മും സര്‍ക്കാറും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ സ്ഥലവും കെട്ടിടങ്ങളും ഉപയോഗപ്പെടുത്തി സ്ഥാപിച്ച ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് നാലര വര്‍ഷം പൂര്‍ത്തിയാവുമ്പോഴും സ്ഥാപനം ഏറ്റെടുക്കാനാവാത്തത് കടുത്ത അനാസ്ഥയാണെന്ന് യു.ഡി.എഫ് നേതാക്കള്‍തന്നെ ആരോപിക്കുന്നു. സി.എം.പി സി.പി. ജോണ്‍ വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ ശക്തമായ നിലയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.