കണ്ടല്‍കാടുകള്‍ ഏറ്റെടുക്കാന്‍ പദ്ധതി വരുന്നു

കണ്ണൂര്‍: കണ്ടല്‍ വന സംരക്ഷണത്തിനായി ജില്ലാ ഭരണകൂടവും വനംവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ‘എന്‍െറ കണ്ടല്‍വനം നാടിന്‍െറ സുരക്ഷ’ പദ്ധതിയുടെ ഭാഗമായി കണ്ടല്‍ പ്രദേശങ്ങള്‍ ഏറ്റെടുക്കും. കണ്ടല്‍ കാടുകള്‍ നാടിനുവേണ്ടി ഉടമകള്‍ ദാനം ചെയ്താല്‍ ഉടമയുടെയോ അവര്‍ നിര്‍ദേശിക്കുന്നവരുടെയോ പേരില്‍ അവ നിലനിര്‍ത്തും. പ്രത്യേക ബോര്‍ഡ് സ്ഥാപിച്ചായിരിക്കും സംരക്ഷിക്കുക. കണ്ടല്‍ പ്രദേശങ്ങള്‍ സേവന തല്‍പരതയോടെ വില്‍ക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ഒരു ഏക്കറിന് 2.5 ലക്ഷം രൂപ എന്ന നിരക്കില്‍ പ്രതിഫലം നല്‍കി ഏറ്റെടുക്കാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതായി ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. നമ്മുടെ സമൂഹത്തിനും നാടിനും ഭാവി തലമുറക്കും വേണ്ടി ചെയ്യുന്ന ഉത്കൃഷ്ടമായ സേവനപ്രവര്‍ത്തനമായി കണ്ട് ഈ സംരംഭത്തില്‍ ഭാഗഭാക്കാകാന്‍ എല്ലാ കണ്ടല്‍ ഭൂമി ഉടമകളോടും കലക്ടര്‍ അഭ്യര്‍ഥിച്ചു. തീരങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുക, കടലാക്രമണത്തില്‍ നിന്ന് കരയെ രക്ഷിക്കുക, മണ്ണിടിച്ചിലും മണ്ണൊലിപ്പും ഇല്ലാതാക്കുക, മത്സ്യങ്ങള്‍ക്ക് പ്രജനന കേന്ദ്രം ഒരുക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, തീരവാസികള്‍ക്ക് ആഹാരവും ഒൗഷധവും തൊഴിലും നല്‍കുക, നീര്‍പ്പക്ഷികള്‍ക്ക് ആവാസസ്ഥാനമേകുക, കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുക, ജലമലിനീകരണം തടയുക, സൂനാമി, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങളെ തടയുക എന്നിങ്ങനെ കണ്ടലുകള്‍ നല്‍കുന്ന പ്രയോജനങ്ങള്‍ നിരവധിയാണ്. കണ്ടല്‍കാടുകളെ കേന്ദ്രസര്‍ക്കാര്‍ തീരദേശ പരിപാലന നിയമത്തിലെ ഒന്നാം പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിക്കാനോ മണ്ണിട്ടു നികത്താനോ പാടുള്ളതല്ല. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ തടവും പിഴയും അടക്കമുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളാന്‍ നിയമമുണ്ട്. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.എഫ്.ഒ ഓഫിസിലെ 0497 2704808 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.