ബ്രക്സയിലൂടെ 27 പേര്‍ കൂടി സൈന്യത്തിലേക്ക്

തലശ്ശേരി: ബ്രണ്ണന്‍ കോളജ് എക്സ് എന്‍.സി.സി അസോസിയേഷന്‍ (ബ്രക്സ) വഴി 27 പേര്‍ കൂടി സൈന്യത്തിലേക്ക്. ഇതോടെ 783 പേരാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ബ്രക്സയുടെ സൗജന്യ പരിശീലനം നേടി സൈന്യത്തിലത്തെിയത്. ഒക്ടോബറില്‍ മലപ്പുറത്ത് നടന്ന ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുത്ത 30 യുവാക്കള്‍ ശാരീരിക ക്ഷമതാ പരീക്ഷയില്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് നടന്ന എഴുത്തുപരീക്ഷയില്‍ ഇതില്‍ 27 പേരാണ് ജേതാക്കളായത്. ഇവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ വിവിധ യൂനിറ്റുകളില്‍ സെലക്ഷന്‍ ലഭിച്ചു. 2009ല്‍ കേവലം കൂട്ടായ്മക്ക് മാത്രമായി രൂപവത്കരിച്ച ബ്രക്സ പ്രവര്‍ത്തന മികവിന്‍െറ ആറ് വര്‍ഷമാണ് പിന്നിട്ടത്. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ മുന്‍ എന്‍.സി.സി കാഡറ്റുകളും അവരുടെ പരിശീലകരായിരുന്ന ആര്‍മി, എന്‍.സി.സി ഓഫിസര്‍മാരും ചേര്‍ന്ന് രൂപവത്കരിച്ച ബ്രക്സ ആര്‍മി റിക്രൂട്ട്മെന്‍റ് റാലികളില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് സൗജന്യമായാണ് കായിക പരിശീലനങ്ങളും എഴുത്തുപരീക്ഷയുടെ ക്ളാസുകളും നടത്തിവരുന്നത്. ബ്രക്സ അംഗങ്ങളും പരിശീലനം ലഭിക്കുന്ന യുവാക്കളും രക്തദാനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സാമൂഹിക സേവന രംഗങ്ങളിലും സജീവമാണ്. എന്‍.സി.സിയില്‍നിന്ന് വിരമിച്ച കാഡറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും കര്‍മശേഷി പൂര്‍ണമായി വിനിയോഗിച്ച് ശരിയായ ദിശയില്‍ സഞ്ചരിക്കുന്ന ബ്രക്സയുടെ സാമൂഹിക പ്രതിബദ്ധതയും നിസ്വാര്‍ഥ സേവനവും മാനിച്ച് എന്‍.സി.സി ദിനാഘോഷത്തോടനുബന്ധിച്ച് നവംബറില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള ആന്‍ഡ് ലക്ഷദ്വീപ് എന്‍.സി.സി ഡയറക്ടറേറ്റ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സി.പി. സിങ് ബ്രക്സ ഭാരവാഹികളെ ആദരിച്ചിരുന്നു. സൈന്യത്തില്‍ പ്രവേശം ലഭിച്ച 27 നിയുക്ത സൈനികര്‍ക്ക് യാതയയപ്പ് നല്‍കാന്‍ ചേര്‍ന്ന യോഗം ടൗണ്‍ സി.ഐ വി.കെ. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. ബ്രക്സ പ്രസിഡന്‍റ് കേണല്‍ ബി.കെ. നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എസ്.ഐ എം. അനില്‍ കുമാര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ നീമ, കൗണ്‍സിലര്‍ എം.പി. അരവിന്ദാക്ഷന്‍, ലഫ്. കേണല്‍ എം.കെ. ശശിധരന്‍, ബ്രക്സ സെക്രട്ടറി മേജര്‍ പി. ഗോവിന്ദന്‍, വൈസ് പ്രസിഡന്‍റ് കെ.വി. ഗോകുല്‍ ദാസ്, സുബേദാര്‍ എ.കെ. ശ്രീനിവാസന്‍, ദിനില്‍ ധനഞ്ജയന്‍, ബി. സിറാജ്, പി.വി. വത്സലന്‍, ടി.എം. ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.