കണ്ണൂര്‍ വിമാനത്താവളം: കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നതായി ആരോപണം

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ ചിലര്‍ ആശങ്കയിലാഴ്ത്തുന്നതായി കല്ളേരിക്കരയില്‍ പുതുതായി രൂപവത്കരിച്ച കുടിയിറക്കുവിരുദ്ധ കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കല്ളേരിക്കരയില്‍ ലൈറ്റ് അപ്രോച്ചിനായി 7.14 ഏക്കര്‍ സ്ഥലം മാത്രമാണ് ഏറ്റെടുക്കുന്നതെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന 26 കുടുംബങ്ങള്‍ക്കും കര്‍മസമിതിയുടെ പത്തിന നിബന്ധന പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പാക്കേജില്‍ പറഞ്ഞ പ്രകാരം കുടിവെള്ളം, റോഡ് തുടങ്ങിയവ ഫലപ്രദമായി നടപ്പിലാക്കിയിരുന്നില്ല. പാക്കേജില്‍ പറഞ്ഞ പ്രകാരം കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാളെ പോലും നിയമിക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നിട്ടും പഴയ കുടിയിറക്കുവിരുദ്ധ കര്‍മസമിതി ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സര്‍വേ നടന്നതിന്‍െറ അടിസ്ഥാനത്തില്‍ കല്ളേരിക്കരയില്‍ അതിര്‍ത്തി നിര്‍ണയിച്ച് കല്ലുപാകും എന്ന തീരുമാനത്തെ പുതിയ കര്‍മസമിതി എതിര്‍ത്തിട്ടുണ്ട്. റണ്‍വേ 3050 മീറ്ററില്‍ നിന്ന് 3400 മീറ്ററാക്കുന്നതിന്‍െറ ഭാഗമായി ജനവാസ കേന്ദ്രമായ കല്ളേരിക്കര, പാറാപ്പൊയില്‍, വായാന്തോട് എന്നീ പ്രദേശങ്ങളിലെ 168 വീടുകള്‍ കുടിയൊഴിപ്പിക്കാന്‍ നീക്കം നടന്നപ്പോഴായിരുന്നു പുതിയ കര്‍മസമിതി രൂപവത്കരിച്ചത്. കര്‍മസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിമാനത്താവള വകുപ്പ് മന്ത്രി എന്നിവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്‍െറ ഫലമായി 168 വീടുകള്‍ എന്നത് 26 വീടുകള്‍ മാത്രമാക്കി ചുരുക്കാനും 7.14 ഏക്കര്‍ സ്ഥലം മാത്രം ഏറ്റെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ലൈറ്റ് അപ്രോച്ചിനു വേണ്ടിയുള്ള സ്ഥലം തൊട്ടടുത്തുള്ള വീട്ടുകാര്‍ക്ക് പ്രശ്നങ്ങളുണ്ടാകാത്ത രീതിയില്‍ മണ്ണിട്ട് നികത്തുന്നതിന് ശ്രദ്ധിക്കുമെന്നും പുതുതായി ഏറ്റെടുക്കുന്ന മുഴുവന്‍ വീടുകള്‍ക്കും എല്ലാ സൗകര്യങ്ങളുമുള്ള സ്ഥലം തൊട്ടടുത്തുതന്നെ പുനരധിവാസത്തിന് അനുവദിച്ചു നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കര്‍മസമിതി ഉന്നയിച്ച പത്തിന നിബന്ധനകളും സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ച നിലക്ക് പഴയ കുടിയിറക്കുവിരുദ്ധ കര്‍മസമിതി രംഗത്തുവന്ന് ഇതേ ആവശ്യം ഉന്നയിക്കുന്നതിലെ ഒൗചിത്യം വ്യക്തമല്ളെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, കണ്‍വീനര്‍ എ.കെ. രാജേഷ്, ടി. ദിനേശന്‍, എം.എം. ചന്ദ്രന്‍, റസാഖ് മണക്കായി, കെ. വൈജയേന്ദ്രന്‍, എന്‍. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.