കാസര്‍കോട്ട് ഡ്യൂട്ടിയില്‍ കുടുങ്ങി കണ്ണൂരിലെ 48 പൊലീസുകാര്‍

കണ്ണൂര്‍: കാസര്‍കോട്ട് ഡ്യൂട്ടിക്കുപോയ മാങ്ങാട്ടുപറമ്പ് കെ.എ.പിയിലെ 48 പൊലീസുകാര്‍ തിരിച്ചുവരാനാകാതെ ദുരിതമനുഭവിക്കുന്നു. നാലുമാസത്തിലേറെയായി കാസര്‍കോട്ട് ജോലി ചെയ്യുന്ന ഇവരെ ജില്ലാ പൊലീസ് ചീഫ് കണ്ണൂരിലേക്ക് തിരിച്ചയക്കാന്‍ വിസമ്മതിക്കുന്നതാണത്രെ കാരണം. കാസര്‍കോട്ട് ഡ്യൂട്ടിക്ക് മുമ്പും കെ.എ.പിയില്‍ നിന്ന് പൊലീസുകാരെ അയക്കാറുണ്ട്. എന്നാല്‍, കുറച്ചുകാലത്തിനുശേഷം അവരെ കണ്ണൂരിലേക്ക് തന്നെ തിരിച്ചയക്കും. എന്നാല്‍, ഇപ്പോഴത്തെ ടീമിനെ നാലുമാസം കഴിഞ്ഞിട്ടും തിരിച്ചയക്കുന്നില്ല. പൊലീസിന് ഏറെ ജോലിത്തിരക്കുള്ള ജില്ലയാണ് കണ്ണൂര്‍. സംഘര്‍ഷ ഭൂമിയെന്ന നിലയില്‍ ശക്തമായ പൊലീസ് സാന്നിധ്യം ആവശ്യമാണ്. ഇതിനു പുറമെ സെന്‍ട്രല്‍ ജയില്‍ കണ്ണൂരിലായതിനാല്‍ തടവുകാരെ കോടതിയില്‍ ഹാജരാക്കാനും മറ്റും എസ്കോര്‍ട്ട് പോകാനും ദിനംപ്രതി നിരവധി പൊലീസുകാരുടെ സേവനം വേണ്ടിവരുന്നുണ്ട്. ട്രാഫിക് രംഗത്ത് ഉള്‍പ്പെടെ സായുധ സേനയില്‍ നിന്നുള്ള പൊലീസുകാരെയാണ് വിന്യസിക്കുന്നത്. കഴിഞ്ഞമാസം കെ.എ.പിയിലെ മൂന്ന് പുതിയ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ഇവരില്‍ കാസര്‍കോട്ട് ജോലി ചെയ്യാന്‍ തയാറുള്ളവര്‍ ഉണ്ടെങ്കിലും പരിചയ സമ്പന്നത കുറഞ്ഞവരായതിനാല്‍ അവര്‍ വേണ്ടെന്ന നിലപാടാണത്രെ കാസര്‍കോട് ജില്ലാ പൊലീസിനുള്ളത്. കണ്ണൂര്‍ എ.ആറില്‍ 125 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട്ടുള്ള 48 പേര്‍ ഉള്‍പ്പെടെ മാങ്ങാട്ടുപറമ്പ് കെ.എ.പിയിലെ പൊലീസുകാരാണ് എ.ആറിലേക്ക് മാറേണ്ടത്. എന്നിട്ടും ഇവരെ തിരിച്ചയക്കാന്‍ അധികൃതര്‍ തടസ്സം നില്‍ക്കുന്നതായാണ് പരാതി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം,പാലക്കാട് ജില്ലകളില്‍ ഡ്യൂട്ടി ചെയ്ത ഇവര്‍ക്ക് രണ്ടുദിവസം അവധി നല്‍കണമെന്ന ഡി.ജി.പിയുടെ ഉത്തരവ് ഉണ്ടായിട്ടും അവധി അനുവദിച്ചില്ളെന്നും ആക്ഷേപമുണ്ട്. അതേസമയം, വൈകാതെ തന്നെ ഇവരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്‍റ് കെ.പി. ഫിലിപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു. മാറ്റാന്‍ വൈകുന്നത് സാങ്കേതികം മാത്രമാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നതാണ് പൊലീസുകാരുടെ കണ്ണൂരിലേക്കുള്ള തിരിച്ചുവരവ് വൈകിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയതില്‍ കാസര്‍കോട്ടേക്ക് പോകാന്‍ തയാറുള്ള സേനാംഗങ്ങളുടെ ലിസ്റ്റ് കാസര്‍കോട്ടേക്ക് അയച്ചുകൊടുത്തതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.