സി.പി.എം നേതാക്കളുടെ കൂടെയുള്ള പടം ഹിഡന്‍ അജണ്ടയെന്ന് മഹിളാമോര്‍ച്ച സാരഥി

പാനൂര്‍: സി.പി.എം നേതാക്കളുടെ കൂടെ താനും ഭര്‍ത്താവും ഒരുമിച്ചു നില്‍ക്കുന്ന പടവും താന്‍ പാര്‍ട്ടി വിട്ടുവെന്ന പ്രചാരണവും സി.പി.എം ആവിഷ്കരിച്ച ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്ന് ബി.ജെ.പിയുടെ വനിതാ വിഭാഗമായ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി. സംഗീത. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എം.വി. ജയരാജന്‍, എം. സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സി.പി. സംഗീതയും ഭര്‍ത്താവും നില്‍ക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ മഹിളാ മോര്‍ച്ച നേതാവിന്‍െറ വാര്‍ത്താസമ്മേളനം. സംഗീത ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് സി.പി.എമ്മിലേക്കെന്ന കുറിപ്പോടെയാണ് സി.പി.എം നേതാക്കളോടൊത്തുള്ള ഫോട്ടോ പ്രചരിച്ചത്. പ്രചരിക്കുന്ന ഫോട്ടോയും വാര്‍ത്തയും അടിസ്ഥാന രഹിതവും യാഥാര്‍ഥ്യത്തിന് നിരക്കാത്തതുമാണെന്ന് സി.പി. സംഗീത വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുകയും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ സഹയാത്രികയുമാണ് താന്‍. ഇപ്പോഴും സജീവമായി പാര്‍ട്ടി പ്രവര്‍ത്തന രംഗത്തുണ്ട്. പാര്‍ട്ടിയുമായി ഒരു അഭിപ്രായ വ്യത്യാസവും നിലവിലില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാനൂര്‍ നഗരസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നില്ല. തുടര്‍ച്ചയായി മൂന്ന് തവണ പാനൂര്‍ പഞ്ചായത്തിലേക്ക് ജയിച്ചിട്ടുള്ള തന്‍െറ സിറ്റിങ് സീറ്റ് ഇത്തവണ ജനറല്‍ സീറ്റായി മാറിയത് കൊണ്ടും പുതിയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കുകയുമായിരുന്നു ഇത്തവണ ചെയ്തത്. പൊതു പ്രവര്‍ത്തനത്തിന് കളങ്കം വരുത്തുകയും മാനഹാനിയുണ്ടാക്കുകയും ചെയ്ത തെറ്റായ പ്രചാരണത്തിനെതിരെ സൈബര്‍ സെല്ലിലും പൊലീസിലും പരാതി നല്‍കുമെന്നു സംഗീത പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് വി.പി. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍, കെ.കെ. ധനഞ്ജയന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.