കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ അദാലത്ത്

കണ്ണൂര്‍:സോഷ്യോ ഇക്കണോമിക് യൂനിറ്റി ഫൗണ്ടേഷന്‍ (എസ്.യു.എഫ്) കുടിവെള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക അദാലത്ത് നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കുടിവെള്ള പദ്ധതികളില്‍ പലതും പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കാര്യം അംഗങ്ങള്‍ ഉന്നയിച്ചപ്പോഴാണ് അദാലത്ത് നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യോഗം തീരുമാനിച്ചത്. യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് പ്രഫ. കെ.എ. സരളയാണ് ഈ നിര്‍ദേശം വെച്ചത്. ജില്ലാ പഞ്ചായത്തിന്‍െറ എല്ലാ കുടിവെള്ള പദ്ധതിയും അതത് ഗ്രാമപഞ്ചായത്തുകളെയാണ് ഏല്‍പിക്കുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. കുടിവെള്ള പദ്ധതി മുടങ്ങുന്നത് ജില്ലാ പഞ്ചായത്തിന്‍െറ ഉത്തരവാദിത്തമല്ല. പദ്ധതി നടത്തിപ്പിന്‍െറ ചുമതല ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. ആവര്‍ത്തന ചെലവുകള്‍ നിര്‍വഹിക്കേണ്ടത് ഗുണഭോക്തൃ കമ്മിറ്റികളാണെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. അടുത്ത ദിവസം തന്നെ അദാലത്ത് നടത്തും. കുടിവെള്ള പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റി കൂടി ഉടന്‍ ചേരാനും പ്രസിഡന്‍റ് നിര്‍ദേശം നല്‍കി.അഞ്ച് വര്‍ഷമായിട്ടും ചില കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണെന്ന് എം.വി. രാജീവന്‍, കെ. സത്യഭാമ എന്നിവര്‍ പറഞ്ഞു. നിര്‍മാണ കരാര്‍ ഏറ്റെടുത്താല്‍ പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ എസ്.യു.എഫ് ശ്രദ്ധിക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പലതിലും ചെറിയ പ്രവൃത്തികള്‍ മാത്രമാണ് ബാക്കിയെന്നും ഇവ അടിയന്തരമായി ചെയ്തുതീര്‍ത്ത് പദ്ധതികള്‍ കമീഷന്‍ ചെയ്യാന്‍ കഴിയണമെന്ന് ഡോ.കെ.വി. ഫിലോമിന നിര്‍ദേശിച്ചു. കെ. മീനാക്ഷി ടീച്ചര്‍, കെ. രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആറളം ഗ്രാമപഞ്ചായത്തില്‍ വെളിമാനത്തെ പട്ടികവര്‍ഗ വകുപ്പിന് കീഴിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ യോഗം തീരുമാനിച്ചു. മാതമംഗലം ബൈ്ളന്‍ഡ് സ്വാശ്രയ സംഘത്തിന്‍െറ കെട്ടിടം ചോര്‍ന്നൊലിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള കെട്ടിടത്തിന്‍െറ മുകള്‍ഭാഗത്ത് ഡോര്‍മിറ്ററി നിര്‍മിക്കുന്നതിനുള്ള ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശിപാര്‍ശ യോഗം അംഗീകരിച്ചു. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക അജണ്ട വെച്ച് യോഗം ചേരുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. റബര്‍, നാളികേരം തുടങ്ങിയവയുടെ വില തകര്‍ച്ച കാര്‍ഷിക മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് ഇടപെടണമെന്നുമുള്ള അഡ്വ. കെ.ജെ. ജോസഫിന്‍െറ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ.പി. സുജാത, സെക്രട്ടറി എം.കെ. ശ്രീജിത് എന്നിവര്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.