വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടിയ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം

കണ്ണപുരം: ലൈസന്‍സില്ളെന്ന കാരണം പറഞ്ഞ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ പൊലീസ് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചതായി ആക്ഷേപം. ചെറുകുന്ന് മുണ്ടപ്പറമ്പിലെ അബ്ദുല്ലയുടെ മകന്‍ ഫഹദിനെയാണ് (17) കണ്ണപുരം എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി സ്റ്റേഷനകത്തിട്ട് മര്‍ദിച്ചത്. സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകാലുകളിലും നീരുവന്ന് വീര്‍ത്ത നിലയിലാണുള്ളത്. മര്‍ദനമേറ്റ് ശരീരം അനക്കാന്‍ പോലും കഴിയാത്ത വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സ്കൂളില്‍നിന്ന് വന്നശേഷം ബേക്കറിയില്‍ സാധനം വാങ്ങാന്‍ പോകുമ്പോള്‍ വാഹന പരിശോധനക്കിടെയാണത്രെ ഫഹദിനെ കസ്റ്റഡിയിലെടുത്തത്. ലൈസന്‍സില്ളെന്ന് തിരിച്ചറിഞ്ഞതോടെ എസ്.ഐ മുഖത്തടിക്കുകയും തുടര്‍ന്ന് കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പറയുന്നു. സ്റ്റേഷനകത്ത് ഫഹദിനെ തല്ലിവീഴ്ത്തിയശേഷം കാല്‍മുട്ടില്‍ കയറിനിന്ന് എസ്.ഐയും യൂനിഫോം ധരിക്കാത്ത മറ്റൊരാളും മാറിമാറി തല്ലിയെന്നും. ലാത്തിയുപയോഗിച്ച് കാല്‍വെള്ളയില്‍ നിര്‍ത്താതെ അടിച്ചുവെന്നുമാണ് പരാതി. അടിയേറ്റ് അവശനായ വിദ്യാര്‍ഥിയെ അരമണിക്കൂറിലേറെ സ്റ്റേഷനില്‍ നിര്‍ത്തിയശേഷം കേസെടുത്തശേഷം വിട്ടയക്കുകയായിരുന്നു. മാനസികമായും ശാരീരികമായും തളര്‍ന്ന ഫഹദ് വീട്ടുകാരോട് സംഭവം പറഞ്ഞില്ല. മുടന്തി നടക്കുന്നത് കണ്ട് ബന്ധുക്കളും സഹോദരങ്ങളും കാര്യം അന്വേഷിച്ചുവെങ്കിലും പേടി കാരണം ഒന്നും വെളിപ്പെടുത്തിയില്ല. ചൊവ്വാഴ്ച സ്കൂളില്‍ തളര്‍ന്ന വിദ്യാര്‍ഥിയെ കൂട്ടുകാരാണ് വീട്ടില്‍ കൊണ്ടുവന്നത്. സഹോദരന്‍ കാര്യം തിരക്കിയപ്പോഴാണ് മര്‍ദനവിവരം പുറത്തുപറഞ്ഞത്. ഈസമയം കാല്‍ നിലത്തുകുത്താന്‍ പോലും കഴിയാതെ അവശനായിരുന്നു ഫഹദ്. തുടര്‍ന്ന് എ.കെ.ജി ആശുപത്രിയിലത്തെിച്ചപ്പോഴാണ് കാല്‍വെള്ള പഴുത്ത് വീങ്ങിയതായി കണ്ടത്തെിയത്. വാഹന പരിശോധനക്കിടെ യാത്രികരോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി സെന്‍കുമാര്‍ രണ്ടാമതും ഉത്തരവിറക്കിയതിന് പിന്നാലെയാണ് കണ്ണപുരം പൊലീസിന്‍െറ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.