പയ്യന്നൂര്‍ കണ്ടോത്ത് എസ്.എന്‍ സ്മാരക വായനശാല തകര്‍ത്തു

പയ്യന്നൂര്‍: കണ്ടോത്ത് ദേശീയപാതക്ക് സമീപം പ്രവര്‍ത്തിക്കുന്ന ശ്രീനാരായണഗുരു സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം തകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വായനശാലക്കുനേരെ ആക്രമണമുണ്ടായത്. വായനശാലയുടെ ജനല്‍ ഗ്ളാസുകള്‍ എറിഞ്ഞു തകര്‍ത്ത ശേഷം വാതിലിന്‍െറ പൂട്ട് തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും പുസ്തകങ്ങള്‍ വാരിവലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടറും അടിച്ചുതകര്‍ത്തു. വായനശാല ഹാളിലുണ്ടായിരുന്ന കാരംസ് ബോര്‍ഡും നശിപ്പിച്ചു. 1932 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന വായനശാല അടുത്തകാലത്ത് നവീകരിച്ചിരുന്നു. സി.പി.എം നിയന്ത്രണത്തിലാണ് ഇപ്പോള്‍ വായനശാല. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി ആര്‍. സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി തെളിവെടുത്തു. സി. കൃഷ്ണന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കളും വായനശാല സന്ദര്‍ശിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടോത്ത് തന്നെയുള്ള പാട്യം സ്മാരക വായനശാലക്കുനേരെയും കോറോത്തെ ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ സ്ഥാപിക്കുന്ന മന്ദിരത്തിന്‍െറ തറക്കു നേരെയും ആക്രമണമുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെരുമ്പയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് വായനശാല തകര്‍ത്തതെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.