ജില്ലയില്‍ വയല്‍ നികത്തല്‍ വ്യാപകം

പയ്യന്നൂര്‍: സര്‍ക്കാര്‍ ചെലവിലും നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തിലും ചിങ്ങം ഒന്നിന് കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും പൊടിപൊടിക്കുമ്പോഴും വയല്‍ നികത്തല്‍ തകൃതി. കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിലെ ചരിത്രനിലമായ കുണിയനിലാണ് വയല്‍നികത്തിയത്. കരിവെള്ളൂര്‍ ഗ്രാമത്തിന്‍െറ ഭക്ഷ്യസുരക്ഷയുടെ പ്രധാന കേന്ദ്രമായ കുണിയന്‍ വയലാണ് കര്‍ഷക ദിനാഘോഷത്തിനിടയിലും പറമ്പിന് വഴിമാറിയത്. മുന്‍കാലത്തും ഇവിടെ പറമ്പാണെന്ന് തെറ്റിദ്ധരിപ്പിച്ച് നികത്തിയതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കരിവെള്ളൂര്‍ വില്ളേജ് ഓഫിസറുടെ നേതൃത്വത്തില്‍ ഇത് തടഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ അവധി ദിനങ്ങള്‍ മുതലെടുത്ത് വയല്‍നികത്തല്‍ തുടരുകയായിരുന്നു. ചിങ്ങം ഒന്നിന് തന്നെ വയല്‍ നികത്തുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ജില്ലാ പരിസ്ഥിതി സമിതിയെ വിവരമറിയിക്കുകയായിരുന്നു. സമിതി സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ സ്ഥലം സന്ദര്‍ശിച്ച് വണ്ടി തടഞ്ഞ് വില്ളേജ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍, വില്ളേജ് ഓഫിസര്‍ എത്തുന്നതിന് മുമ്പ് പണിക്കാര്‍ സ്ഥലം വിട്ടതായി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റമാണ്. കഴിഞ്ഞമാസം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം പോലും 2008ന് മുമ്പ് നികത്തിയ നടപടിക്ക് മാത്രമാണ് സാധൂകരണം. ഈ നിയമം ചൂണ്ടിക്കാട്ടി മുമ്പ് നികത്തിയതാണെന്ന് പറഞ്ഞ് അംഗീകാരം വാങ്ങാനുള്ള ശ്രമവും നടന്നുവരുന്നു. പല ഭാഗങ്ങളിലും ഇത്തരം നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. വയലുകളിലും മറ്റുമിട്ട മണ്ണിന് സര്‍ക്കാര്‍ നിയമപ്രകാരം ലോയല്‍റ്റി നല്‍കണം. ഇതും ലംഘിച്ചാണ് വയലുകളിലും നീര്‍ത്തടങ്ങളിലും മണ്ണിട്ട് നിറക്കുന്നത്. കുണിയന്‍ വയലുകളില്‍ ഉള്‍പ്പെടെ ഇട്ട മണ്ണ് നീക്കി വയല്‍ പുന:സ്ഥാപിക്കണമെന്നും നികത്തിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.