കൊളച്ചേരി എക്സ്ചേഞ്ച്: പരാതികള്‍ പെരുകുന്നു; അധികൃതര്‍ വലയുന്നു

മയ്യില്‍: കൊളച്ചേരി എക്സ്ചേഞ്ചിന് കീഴിലെ ടെലിഫോണ്‍ വരിക്കാരുടെ പരാതികള്‍ക്ക് പരിഹാരമില്ല. ജൂലൈ 15ന് ശേഷമുള്ള 62 പരാതികളും പരിഹാരമാകാതെ കിടക്കുന്നു. ഏതാനും ദിവസങ്ങളായി കരാര്‍ തൊഴിലാളികളും അനുബന്ധ ജീവനക്കാരും സമരത്തിലാണ്. മഴക്കാലമാവുന്നതോടെ ഭൂഗര്‍ഭ കേബിളുകളില്‍ വെള്ളം കയറി കേടാവുന്ന അവസ്ഥ സ്വാഭാവികമെങ്കിലും അതിന് പരിധിയുണ്ടെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.റോഡ് വികസനപ്രവൃത്തിനടക്കുമ്പോള്‍ കേബിള്‍ കേടുവരുന്നതായി പരാതിയുണ്ട്.നേരത്തേ അഞ്ചുമീറ്ററില്‍ താഴെ മാത്രം വീതിയുണ്ടായിരുന്ന റോഡ് ഇപ്പോള്‍ ഏഴുമുതല്‍ 10 മീറ്റര്‍ വരെ വീതിയിലാണ് പുതുക്കിപ്പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ ടാര്‍ ചെയ്ത ഭാഗത്തിനടിയിലുള്ള തകരാറുകള്‍ കണ്ടത്തെി പരിഹരിക്കുകയെന്നത് ദുഷ്കരമാണ്. മുന്‍കാലങ്ങളില്‍ റോഡ് വികസനത്തിന് പൊതുമരാമത്തുകാര്‍ തയാറെടുക്കുമ്പോള്‍ തന്നെ ടെലിഫോണ്‍ വകുപ്പിനെ വിവരമറിയിച്ച് റോഡ് പ്രവൃത്തി തുടങ്ങുന്നതിന് മുമ്പുതന്നെ പരമാവധി കേടുപാടുകള്‍ വരാത്തവിധം കേബിളുകള്‍ മാറ്റി സ്ഥാപിക്കുക പതിവായിരുന്നു. ഇപ്പോള്‍ ആ പതിവ് നിര്‍ത്തിയത് പോലെയാണ്. പ്രവൃത്തി നടത്തുന്നവര്‍ ടെലിഫോണ്‍ കേബിളിന്‍െറ കാര്യം ശ്രദ്ധിക്കാറില്ളെന്നാണ് ആക്ഷേപം. പഞ്ചായത്ത് റോഡുകളുടെ കാര്യവും മറിച്ചല്ല. പ്രവൃത്തി നടക്കുന്നതിനിടയിലെ കേബിളുകളുടെ കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതും മറ്റൊരു കാരണം. സ്വകാര്യ വ്യക്തികളും ഇക്കാര്യത്തില്‍ കാട്ടുന്ന അലംഭാവം ചെറുതല്ല. ടെലിഫോണ്‍ ഉപയോഗശൂന്യമായ കാലത്തെ വാടക തിരികെ ലഭ്യമാക്കാനോ അടുത്ത ബില്ലില്‍ പരിഹരിക്കാനോ നിലവില്‍ വ്യവസ്ഥയുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്രയുണ്ടാവുന്നില്ളെന്നാണ് ഉപഭോക്താക്കളുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.