പേവിഷ നിയന്ത്രണത്തിന് ബൃഹദ് പദ്ധതി

കണ്ണൂര്‍: പേവിഷബാധ നിയന്ത്രണത്തിനും തെരുവുനായ വന്ധ്യംകരണത്തിനുമുള്ള ബൃഹദ്പദ്ധതിക്ക് ജില്ലാപഞ്ചായത്ത് ഒരുങ്ങുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ വകുപ്പിന്‍െറയും ആഭിമുഖ്യത്തില്‍ നടത്തുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി വിശദീകരിക്കാന്‍ തദ്ദേശ സ്ഥാപന ഭാരവാഹികള്‍ക്ക് നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കാന്‍ കണ്ണൂര്‍ മോഡല്‍ പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കുകയാണെന്നും ഇതിനായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. തെരുവുനായ്ക്കളെ പിടികൂടി പ്രത്യേക കേന്ദ്രത്തിലത്തെിച്ച് വന്ധ്യംകരണം നടത്തി പരിചരണം നല്‍കി വിട്ടയക്കുന്നതാണ് എ.ബി.സി പദ്ധതി. ഇതില്‍ തദ്ദേശ സ്ഥാപനങ്ങളാണ് പ്രധാന പങ്കുവഹിക്കേണ്ടതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ശാസ്ത്രീയ രീതി അവലംബിച്ച് പ്രജനനം ഇല്ലാതാക്കുകയാണ് ലക്ഷ്യം. നായ്ക്കളെ കൊല്ലല്‍ പരിഹാരമല്ല. തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യസംസ്കരണം ശരിയായി നടത്താത്തത് തെരുവുനായ്ക്കള്‍ പെരുകാന്‍ കാരണമാണ്. വളര്‍ത്തുനായ്ക്കള്‍ക്കുള്ള ലൈസന്‍സിങ് നിര്‍ബന്ധമാക്കണം. കുത്തിവെപ്പ് നടത്താത്ത നായ്ക്കള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുത്. പട്ടിപിടിത്തക്കാരുടെ ടീമിനെ പ്രാദേശികമായി തയാറാക്കണം. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ തെരുവുനായ ഭീഷണിയെപ്പറ്റി ബോധവത്കരണം നടത്തും. പട്ടിപിടിത്തം നടത്തി വന്ധ്യംകരണം നടത്താനുള്ള പരിശീലനം കൂടുതല്‍ പേര്‍ക്ക് നല്‍കും. എ.ബി.സി പദ്ധതി നടത്തിപ്പിന് ജില്ലാതല കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.വി. രവീന്ദ്രന്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഗ്രാമ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ എ.പി. സുജാത അധ്യക്ഷത വഹിച്ചു. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം മുഖ്യാതിഥിയായി. ചീഫ് വെറ്ററിനറി ഓഫിസര്‍ ഷെയ്ക് കോയ, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ.സി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ഡോ. രമേഷ് കുമാര്‍ ക്ളാസെടുത്തു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ഖലീല്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ. ശ്രീജിത്ത് നന്ദിയും പറഞ്ഞു. വെറ്ററിനറി അസിസ്റ്റന്‍റ് കമല്‍ദാസ് തദ്ദേശസ്ഥാപന ഭരണാധികാരികളുമായി സംവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.